മാനന്തവാടി: യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി 15 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട സംഘത്തിലെ മൂന്ന് പേർ പിടിയിൽ. തൊട്ടിൽ പാലം കുണ്ടുതോട് കിണറുള്ള പറന്പത്ത് കുണ്ടുതോട് കിണറുള്ള പറന്പത്ത് ടി. അജ്മൽ (33), കുറ്റ്യാടിവളയം നെല്ലിക്കണ്ടി പിടിക ഇടത്തിപറന്പിൽ കെ.കെ. ഫാസിൽ (26) കുറ്റ്യാടി അടുക്കത്ത് കക്കോട്ട് ചാലിൽ അന്പലക്കണ്ടി സുഹൈൽ(29) എന്നിവരാണ് പിടിയിലായത്. കേസിലുൾപ്പെട്ട മൂന്ന് കാറുകളും പിടിച്ചെടുത്തു.
മാനന്തവാടി പോലീസ് ഇൻസ്പക്ടർ പി.കെ. മണിയുടെ നേതൃത്വത്തിൽലാണ് ഇവരെ പിടികൂടിയത്. മാനന്തവാടിയിൽ നിന്നും ഒരുസ്ത്രീയുടെ സഹായത്തോടെ കാസർഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ തട്ടിക്കൊണ്ട് പോയി കർണാടകത്തിലെ പൊന്നന്പേട്ടയിൽ സ്വകാര്യ റിസോർട്ടിൽ തടങ്കലിൽ പാർപ്പിച്ച് മോചനദ്രവ്യമായി 15 ലക്ഷം ആവശ്യപ്പെട്ട കേസിലാണ് ഇവർ പിടിയിലായത്.
വ്യാപാരിയെ ദേഹോപദ്രവം ഏൽപിക്കുകയും പണം കവർച്ച ചെയ്യുകയും ചെയ്തതായും കേസുണ്ട്. വ്യാപാരിയുടെ സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17ന് പ്രതികൾക്ക് കണ്ണൂരിൽ നിന്നും കൈമാറി വ്യാപാരിയെ മോചിപ്പിക്കുകയായിരുന്നു. പിടികൂടിയ പ്രതികളിൽ അജ്മൽ വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ വധശ്രമകേസിലും ഫാസിൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിൽ ബലാത്സംഗ കേസിലും മാനന്തവാടി പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കേസിലും പ്രതികളാണ്.
സീനിയർ സിവിൽപോലീസ് ഓഫീസർ മനോജ് സിവിൽ പോലീസ് ഓഫീസർമാരായ ടി.കെ. സുഷാജ് ബിജു എന്നിവരടങ്ങുന്ന സംഘമാണ്പ്രതികളെ പിടികൂടിയത്.