ഡൊമനിക് ജോസഫ്
മാന്നാർ (ആലപ്പുഴ): വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ വെളിച്ചത്തുവരുന്നതു വൻ സ്വർണക്കടത്തു മാഫിയയുടെ വിവരങ്ങൾ. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഇഡിയും കേസ് അന്വേഷിക്കാൻ രംഗത്തുവന്നു. ഇതിനകം പോലീസും കസ്റ്റംസും കേസ് അന്വേഷിക്കുന്നുണ്ട്.
ദുരൂഹമായ തട്ടിക്കൊണ്ടുപോകലിനു പിന്നിൽ സ്വർണ കള്ളക്കടത്തുമായി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്ന പോലീസ് കണ്ടെത്തലിനെത്തുടർന്നാണ് കസ്റ്റംസ് അന്വേഷണം തുടങ്ങിയത്.എറണാകുളം സോണിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇതു സന്ധിച്ച് അന്വേഷണം നടത്തുന്നത്.
ഇന്നലെ മാന്നാറിൽ എത്തിയ ഇവർ പോലീസ് സ്റ്റേഷനിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. തുടർന്നു തട്ടികൊണ്ടുപോകിലിനു വിധേയയായ മാന്നാർ കുരട്ടിക്കാട് വിസ്മയ ഭവനത്തിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിന്റെ വീട്ടിൽ എത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
ബിന്ദു പരുമല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നതിനാൽ കസ്റ്റംസ് സംഘം അവിടെയെത്തി നേരിട്ടു കാര്യങ്ങൾ അന്വേഷിച്ചു. ഇവർക്കു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.
ബിന്ദുവിന്റെ മൊഴിയിൽദുരൂഹത
ബിന്ദു പറയുന്നത് അതേപടി വിശ്വസിക്കാൻ പോലീസിനു കഴിയുന്നില്ല. ബിന്ദു പോലീസിനു നൽകിയ മൊഴിയും കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു നൽകിയ വിവരങ്ങളിലുമുള്ള വൈരുധ്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. പോലീസിന് ഇതുവരെ ലഭിച്ച വിവരത്തിൽ ഇവർ ഇതിലെ ഒരു കണ്ണിയാണെന്നാണ് പോലീസ് നിഗമനം.
ഇവർ പല തവണ കേരളത്തിൽ വന്നുപോയതും അവസാനം വന്നപ്പോൾ മാലി വഴി വന്നതുമൊക്കെയാണ് സംശയം ജനിപ്പിക്കുന്നത്. കൂടാതെ ഇവരുടെ മൊബൈൽ ഫോണ് പരിശോധിച്ചപ്പോൾ ലഭിച്ച ഫോണ് നന്പരുകളും ഫോട്ടോകളും ഇത്തരം ദുരൂഹതകളിലേക്കു സൂചന നൽകുന്നതാണ്.
തട്ടിക്കൊണ്ടു പോയവരിൽ രണ്ടു പേർ സുഹൃത്തുക്കളും അറിയാവുന്നവരുമാണെന്ന ബിന്ദുവിന്റെ മൊഴിയും പോലീസിനു കൂടുതൽ സംശയത്തിന് ഇട നൽകിയിട്ടുണ്ട്. പ്രതികളെ പിടികൂടിയാൽ മാത്രമേ യുവതിക്കുള്ള പങ്കിനെക്കുറിച്ചുള്ള പൂർണ രൂപം പോലീസിന് അറിയാൻ കഴിയുളളു. അതേസമയം, സംഘത്തെക്കുറിച്ചുള്ള പൂർണവിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.