സ്വന്തം ലേഖകന്‍
കോഴിക്കോട്: തിക്കോടി കടപ്പുറത്തുകണ്ടെത്തിയ മൃതദേഹം സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയതെന്നു കരുതുന്ന ഇര്ഷാദിന്റേതു തന്നെയെന്ന് സ്ഥിരീകരിച്ചതോടെ സ്വര്‍ണക്കടത്ത് കേസില്‍ വന്‍ ട്വിസ്റ്റ്.
സ്വര്‍ണക്കടത്തുസംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദ് പുറക്കാട്ടിരിപാലത്തിനു മുകളില്‍ വച്ച് കാറില്‍ നിന്ന് ഇറങ്ങിയോടി പുഴയിലേക്കു ചാടി എന്നാണ് ഇപ്പോള്‍ പോലീസ് പറയുന്നത്.
കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ ഇത് സാധൂകരിക്കുന്ന മൊഴിയാണ് നല്‍കിയത്.അപ്പോഴും പ്രതികള്‍ ഇര്‍ഷാദിനെ കെട്ടിയിട്ട് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എങ്ങനെ അയച്ചു,
എത്രകാലം തടവില്‍ വച്ചു തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിക്കണമെങ്കില്‍ കൂടുതല്‍ പേരെക്കൂടി പിടികൂടാനുണ്ടെന്നാണ് പോലീസ് പറയുന്നത്.
സംശയം തുടരുന്നു
അതേസമയം, മര്‍ദനം സഹിക്കാന്‍ വഴിയാതെ കാറില്‍ നിന്ന് ഇര്‍ഷാദ് ചാടിയിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നോ, കൊലപ്പെടുത്തി പുഴയില്‍ തള്ളിയതാണോ എന്ന സംശയം ദുരീകരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
കേസ് വഴിത്തിരിവില്‍ എത്തിയതോടെ അന്വേഷണം കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം. ജൂലായ് 17-നാണ് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.
കടപ്പുറത്ത് കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശിയുടേതാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ എത്തി സംസ്കരിച്ചിരുന്നു.
ഡിഎന്‍എ പരിശോധന
എന്നാല്‍, ഇവരുടെ ബന്ധുക്കളുടെ ഡിഎന്‍എ പരിശോധന നടത്തിയപ്പോള്‍ മൃതദേഹം മേപ്പയൂര്‍ സ്വദേശിയുടേത് അല്ലെന്ന് വ്യക്തമായി. ‘
ഇതോടെ നടത്തിയ അന്വേഷണത്തില്‍ സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിലേക്ക് സംശയം നീണ്ടു.
പ്രതികളില്‍ നിന്ന് ഇത് സാധൂകരിക്കുന്ന തെളിവുകളും ലഭിച്ചതോടെയാണ് മരിച്ചത് ഇര്‍ഷാദാണെന്ന് തെളിഞ്ഞത്.
അതേസമയം, ഇര്‍ഷാദിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണ്.