കൽപ്പറ്റ: നഗ്നചിത്രങ്ങൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഭീഷണിപ്പെടുത്തി ബലമായി കാറിൽകയറ്റി കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പോലീസ് പ്രതികൾക്ക് സഹായകമായ നിലപാട് സ്വീകരിച്ചുവെന്ന് പീഡനക്കേസിലെ ഇര.
വൈത്തിരി വെള്ളരിമല കൊടക്കാട്ടിലെ മുപ്പത്താറുകാരിയാണ് വാർത്താസമ്മേളനത്തിൽ പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്.
വൈത്തിരി മുണ്ടക്കൈ സ്വദേശിയായ മുപ്പത്തഞ്ചുകാരനെതിരെ മേപ്പാടി പോലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ ഇരയാണ് വിവാഹമോചിതയായ യുവതി. വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് മുണ്ടക്കൈ സ്വദേശി പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയിൽ.
പീഡിപ്പിക്കുന്നതിനിടെ യുവാവ് തന്റെ നഗ്ന ഫോട്ടോകൾ പകർത്തിയതായും പറയുന്ന പരാതി അന്വേഷണ ഘട്ടത്തിലാണ്. ഇതിനിടെയാണ്് പ്രതി പകർത്തിയ ഫോട്ടോ കൈവശമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പുൽപ്പള്ളിയിലെ ഒരു റിസോർട്ടിലേക്ക് ബലമായി കൊണ്ടുപോകാൻ ശ്രമിച്ചത്. പ്രതികളായ മൂവർ സംഘത്തിനു സഹായകമായ നിലപാട് പോലീസ് സ്വീകരിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്.
ഫെബ്രുവരി മൂന്നിനു ഉച്ചകഴിഞ്ഞാണ് മൂവർ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് യുവതി പറഞ്ഞു. രണ്ട് മൊബൈൽ നന്പരുകളിൽനിന്നാണ് ഫോൺ വിളി എത്തിയത്. തന്റെ നഗ്ന ഫോട്ടോകൾ കൈവശമുണ്ടെന്ന് അവകാശപ്പെട്ട അവർ പുൽപ്പള്ളിയിലെ റിസോർട്ടിലേക്ക് കൂടെ ചെല്ലണമെന്നാണ് ആവശ്യപ്പെട്ടത്.
വിവരം പോലീസിൽ അറിയിച്ച താൻ ഓട്ടോറിക്ഷയിൽ കൈനാട്ടിക്കടുത്തുള്ള പാറക്കലിൽ എത്തി. ഇവിടെനിന്നു തന്നെ കാറിൽ പിടിച്ചുകയറ്റാൻ ശ്രമിച്ച മൂവർ സംഘത്തെ പോലീസ് വാഹനം സഹിതം കസ്റ്റഡിയിലെടുത്ത് കൽപ്പറ്റ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ സ്റ്റേഷനിലുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ തന്നെ അപമാനിക്കുന്ന വിധത്തിൽ സംസാരിക്കുകയും മൂവർ സംഘത്തെ പറഞ്ഞുവിടുകയുമായിരുന്നു. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.
നഗ്ന ചിത്രങ്ങൾ ഫേസ്ബുക്കിലും വാട്സ്ആപ്പിലും പോസ്റ്റുചെയ്ത് അപമാനിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് ജനുവരി 23നു നൽകിയ പരാതി ജില്ലാ പോലീസ് മേധാവി അന്വേഷണത്തിനു കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസിലേക്ക് വിട്ടിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സ്റ്റേഷനിലേക്ക് വിളിപ്പിച്ച യുവാവിനോട് തന്റെ സാന്നിധ്യത്തിൽ മൃദുസമീപനമാണ് പോലീസ് സ്വീകരിച്ചതെന്നും യുവതി പറഞ്ഞു.