കണ്ണൂർ: സോഷ്യൽ മീഡിയയിൽ കെണിയൊരുക്കി യുവാക്കളെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മുഖ്യസൂത്രധാരനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ധർമടം സ്വദേശിയും ഇപ്പോൾ തെക്കിബസാറിലെ 20 എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനുമായ ശ്രീരാഗി (20) നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മൂന്നിന് പുലർച്ചെയാണ് സംഭവം. കയ്യൂർ ഉദയഗിരി സ്വദേശിയും സുഹൃത്തുക്കളുമായ പ്രണവ് രാധാകൃഷ്ണൻ (22), അമർനാഥ് (24) എന്നിവരെയാണ് ബന്ദികളാക്കി തട്ടിക്കൊണ്ടുപോയത്.സുഹൃത്തിനെ കാണാൻ കാത്തുനിൽക്കുന്നതിനിടെ അഞ്ചംഗസംഘം ഇവരെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
നിങ്ങൾ സ്ത്രീകളെ കാണാൻ ഇവിടെ എത്തിയതാണെന്നും അല്ലാതെ കയ്യൂരിൽ നിന്നും ഇവിടെ വരേണ്ട ആവശ്യമില്ലെന്നും അഞ്ചംഗസംഘം പറയുകയും ഇരുവരെയും ബലമായി പിടിച്ച് കാറിനകത്ത് കയറ്റുകയും മൊബൈൽഫോണും പണവും തട്ടിയെടുക്കുകയുമായിരുന്നു.
പിന്നീട് ഇവരുടെ ബന്ധുക്കളെ വിളിച്ച് രണ്ടുലക്ഷം രൂപയും കൂടി ആവശ്യപ്പെട്ടു. യുവാക്കളെയുമായി കാർ പുതിയതെരു ഭാഗത്തേക്ക് ഓടിച്ചുപോകുകയും ചെയ്തു. ഇതിനിടെ അമർനാഥ് കൈയിലുണ്ടായിരുന്ന മറ്റൊരു ഫോണിൽ പോലീസുമായി ബന്ധപ്പെടുകയും ടൗൺ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിന്തുടർന്ന് പിടികൂടുകയുമായിരുന്നു.