കൊച്ചി: എറണാകുളം കമ്മട്ടിപ്പാടത്തിനു സമീപത്തെ ഫ്ളാറ്റില്‍നിന്നു ഗുണ്ടാസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യപ്രതി ഇപ്പോഴും ഒളിവില്‍. ആലപ്പുഴ സ്വദേശി ഫൈസലാണ് പ്രധാന പ്രതി.
ഇയാള്‍ ഉള്‍പ്പെടെ കേസില്‍ ഇനി പിടിയിലാകാനുള്ള നാലുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ എട്ട് പ്രതികള്‍ ഉള്ളതായാണു പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം രണ്ടുപേരെ പിടികൂടിയതിനു പിന്നാലെ ഇന്നലെ പത്തനംതിട്ട മൈലപ്പാറ സ്വദേശി പ്രജീഷ് കുമാര്‍ (27), ആലപ്പുഴ മാവേലിക്കര സ്വദേശി അജയ് രാജ് (24) എന്നിവരെയും അറസ്റ്റ് ചെയ്തു.
ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികള്‍ കൊച്ചിയില്‍ മോഡലിംഗ്, ഫോട്ടോഗ്രഫര്‍ ചമഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇതിന്റെ മറവിലായിരുന്ന ഇടപാടുകളെല്ലാം. ഇതുസംബന്ധിച്ചെല്ലാം പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ 30ന് പുലര്‍ച്ചെയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കമ്മട്ടിപ്പാടത്തെ ഫ്ളാറ്റില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശി അനി ജോയിയെയാണ് സംഘം തട്ടിക്കൊണ്ടു പോയത്.
ഇയാളുടെ സുഹൃത്തായ ഷിഹാബ് നല്കിയ പരാതിയിലാണ് പിന്നീട് പ്രതികളെ പിടികൂടിയത്. ഷിഹാബിനോടുള്ള ഗുണ്ടാസംഘത്തിന്റെ പകയ്ക്ക് അനി ഇരയാകുകയായിരുന്നു. പിന്നീട് അനിയെ ഇടപ്പള്ളിയിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് പോലീസ് മോചിപ്പിച്ചത്.