കൊച്ചി: സ്കൂളിലേക്ക് പോയ ഒന്‍പതാംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
തേവര അറ്റ്ലാന്റിസ് റെയിൽവേ ഗേറ്റിനു സമീപം ഇന്നലെ രാവിലെ 8.30-നാണ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്.
അറ്റ്ലാന്റിസ് റെയിൽവേ ഗേറ്റിനു സമീപത്തെ വീട്ടിലാണ് കുട്ടി സൈക്കിൾ വച്ചത്. തുടർന്ന് റെയിൽവേ ലൈൻ മുറിച്ചു കടന്ന് സ്കൂളിലേക്ക് എത്തുന്നതിനു മുന്‍പായി കാറിലെത്തിയ സംഘം പെണ്‍കുട്ടിയെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു.
ഇവരുടെ കൈ തട്ടിമാറ്റി മുന്നോട്ട് ഓടിയ പെണ്‍കുട്ടി വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പോലീസ് സമീപസ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവം നടന്ന സമയത്ത് അവിടെ കൂടി കടന്നുപോയ രണ്ടു പേരെ പോലീസ് ചോദ്യം ചെയ്യുകയുണ്ടായി. എന്നാൽ ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നു സൗത്ത് പോലീസ് പറഞ്ഞു.