കൊച്ചി: ചളിക്കവട്ടം സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വെണ്ണല അശോക്ഭവനിൽ കെ.എ.സുബ്ബരാജിനെ (42) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തത്.
ചളിക്കവട്ടം സ്വദേശി വിജയകുമാറിനെ തട്ടിക്കൊണ്ടുപോയ കേസിലെ ഒന്നാം പ്രതിയാണ് ഇയാൾ. കഴിഞ്ഞമാസം ആറിന് രാത്രി രണ്ടിനാണ് പാലാരിവട്ടത്തെ ജെന്റ്സ് ഹോസ്റ്റലിലെ മുറിയിൽനിന്ന് സുബ്ബരാജ് ഉൾപ്പെടെയുള്ള സംഘം വിജയകുമാറിനെ തട്ടിക്കൊണ്ടു പോകുകയും മർദിക്കുകയും ചെയ്തത്.
പ്രതികളുടെ ലഹരി ഉപയോഗവും വിൽപ്പനയും സംബന്ധിച്ച് വിജയകുമാർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിthattന്റെ വൈരാഗ്യത്തിലാണ് പ്രതികൾ വിജയകുമാറിനെ തട്ടിക്കൊണ്ടുപോയി മർദിച്ചത്.
വിജയകുമാറിന്റെ സ്വർണ മാലയും മോതിരവും ഒരു ലക്ഷം രൂപയും ലാപ്ടോപ്പും സംഘം മോഷ്ടിച്ചിരുന്നു. പ്രതി ബംഗളൂരുവിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം അവിടെയെത്തിയെങ്കിലും ഇയാൾ മുങ്ങി.
തുടർന്ന് നടന്ന അന്വേഷണത്തിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ നിന്ന് ഇയാൾ അറസ്റ്റിലാകുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ പരുന്ത് ഹാരിസ്, അമ്മിണി ജോസ്, ബോംബ് പ്രസന്നൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ഇനി മൂന്നു പേർ കൂടി അറസ്റ്റിലാകാനുണ്ട്. ഇവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.