കൊല്ലം : മാതാപിതാക്കൾക്കൊപ്പം ഉറങ്ങി കിടന്ന ആറ് മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടികൊണ്ടു പോയി ഉപേക്ഷിച്ച സംഭവത്തിൽ കണ്ണനല്ലൂർ സിഐ അന്വേഷണം തുടങ്ങി. സിസി ടിവി ദശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് സിഐ പറഞ്ഞു.
ഇതോടൊപ്പം മോഷ്ടാവിനെ കണ്ടതായി പറഞ്ഞയാളിൽനിന്ന് മൊഴിരേഖപ്പെടുത്തിയിട്ടുണ്ട്. ആ നിലയ്ക്കുള്ള അന്വേഷമാണ് നടക്കുന്നത്. തൃക്കോവിൽവട്ടം ചേരീക്കോണം ബീമാ മൻസിലിൽ ഷഫീക്കിന്റെയും ഷംനയുടെയും മകൾ ഷഹ്ൽ സി (6 മാസം) യെയാണ് തട്ടികൊണ്ടു പോയത്.
നാട്ടുകാർ പിന്തുടർന്നതിനെ തുടർന്ന് കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം മോഷ്ടാവ് ബൈക്കിൾ രക്ഷപ്പെട്ടു.തലയ്ക്ക് പരിക്കേറ്റ കുഞ്ഞ് സ്വകാര്യ ശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്ത് അകത്ത് കടന്നമോഷ്ടാവ് മാതാപിതാക്കളോടൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് കടന്നു.
പുലർച്ചേ ഒന്നരയോടെയായായിരുന്നു സംഭവം. കുഞ്ഞിനെ ഒരു പറമ്പിൽ ഒളിപ്പിച്ചു വച്ച ശേഷം തൊട്ടടുത്തുള്ള ഹുസൈബയുടെ വീട്ടിൽ മോഷണത്തിന് ശ്രമിച്ചു. വീട്ടുകാർ ഉണർന്നതിനെ തുടർന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തുടർന്ന് അടുത്തുള്ള ഹുസൈന്റെ വീട്ടിൽ മോഷണത്തിന് ശ്രമിച്ചു.
ഹുസൈൻ ഉണർന്നപ്പോൾ മോഷ്ടാവ് ഹുസൈനെ അടിച്ചുവീഴ്ത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പറമ്പിൽ ഒളിപ്പിച്ചു വച്ചിരുന്ന കുഞ്ഞിനെയുമെടുത്ത് ബൈക്കിൽ രക്ഷപ്പെടാനാണ് ശ്രമിച്ചത്.നാട്ടുകാർ പിൻതുടർന്നെത്തി പിടികൂടുമെന്ന ഘട്ടമായപ്പോൾ കുഞ്ഞിനെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷം ബൈക്കിൽ രക്ഷപ്പെട്ടു.
കനാലിൽ തെറിച്ചുവീണ കുഞ്ഞിനെ നാട്ടുകാർ കണ്ണനല്ലൂരിലേയും പിന്നിട് മേവറത്തെയും ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കുഞ്ഞിന് തലയ്ക്കാണ് പരിക്ക്. കുഞ്ഞിന്റെ കൈയിൽ ഉണ്ടായിരുന്ന ചെയിനും നഷ്ടപ്പെട്ടിട്ടുണ്ട്.