കൊല്ലം: ഓച്ചിറയിൽനിന്ന് കാണാതായ പെൺകുട്ടിയേയും കടത്തിക്കൊണ്ടുപോയ ഓച്ചിറ സ്വദേശി മുഹമ്മദ് റോഷനേയും നാളെ ഓച്ചിറയിൽ കൊണ്ടുവരും. ഇന്ന് എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നാളെയെത്തുമെന്ന സൂചനയാണ് പോലീസ് നൽകുന്നത്. മുംബൈയിലെ പനവേൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ചേരിയിലെ ലോഡ്ജിൽനിന്നാണ് പോലീസ് സംഘം ഇരുവരെയും പിടികൂടിയത്. പനവേൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയശേഷമാണ് ഇരുവരെയും ഓച്ചിറയിലേക്ക് കൊണ്ടുവരുന്നത്.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് റോഷന്റെ സഹായികളായ പ്യാരി, വിപിൻ, അനന്തു എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.ഇവർ റിമാൻഡിലാണ് .ഒന്നാംപ്രതിയായ മുഹമ്മദ് റോഷനും പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് ഇയാൾ പോലീസിന് നൽകിയ മൊഴി. മാത്രമല്ല പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതായും ഇയാൾ പോലീസിനോട് പറഞ്ഞു.
അതേസമയം പെൺകുട്ടിയുടെ മാതാപിതാക്കൾ 15വയസേയുള്ളുവെന്നാണ് പോലീസിനോട് പറഞ്ഞത്. വയസ് തെളിയിക്കുന്നതിനുള്ള രേഖകൾ തങ്ങളുടെ കൈവശമില്ലെന്നും ഇവർ പോലീസിനെ അറിയിച്ചു. പെൺകുട്ടിയെ നാട്ടിലെത്തിച്ചശേഷം വയസ് തെളിയിക്കാനുള്ള നടപടി ആരംഭിക്കും. അതിന് മുന്പുതന്നെ വൈദ്യപരിശോധനയ്ക്ക് പെൺകുട്ടിയെ വിധേയമാക്കുമെന്നും പോലീസ് അറിയിച്ചു.
പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനായി പെൺകുട്ടി പഠിച്ചതായി പറയുന്ന രാജസ്ഥാനിലെ സ്കൂളുകളെ ആശ്രയിക്കേണ്ടിവരും. അതിനുള്ള തയാറെടുപ്പുകളും പോലീസ് നടത്തുന്നുണ്ട്. പെൺകുട്ടിയുടെ പ്രായം നിർണയിച്ചശേഷമെ കേസിന്റെ സുപ്രധാനമായ വകുപ്പുകൾ പ്രതിയിൽ ചുമത്തുകയുള്ളു. 18വയസ് തികിഞ്ഞിട്ടുണ്ടെങ്കിൽ ഇരുവർക്കും വിവാഹിതരാകുന്നതിന് തടസമില്ല.
തങ്ങൾ വർഷങ്ങളായി പ്രണയത്തിലാണെന്ന മുഹമ്മദ് റോഷൻരെ മൊഴി പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. മകളെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് രാജസ്ഥാനി കുടുംബം. ഇവർവർഷങ്ങളായി ഓച്ചിറയിൽ താമസിച്ചുവരികയാണ്.
പ്രതിമകൾ ഉണ്ടാക്കി വിൽപ്പന നടത്തിയാണ് ഉപജീവനം നടത്തുന്നത്. ആറ് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമടങ്ങിയ കുടുംബം ഇപ്പോഴും ഭീതിയിലാണ്. മകളെയും കൂട്ടി രാജസ്ഥാനിലേക്ക് തന്നെ മടങ്ങിപോകാനാണ് കുടുംബത്തിന്റെ തീരുമാനം. കുട്ടിയെ കാണാതായതോടെ വിവിധ രാഷ്ട്രീയ പാർർട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.