കൊണ്ടോട്ടി: ദുബൈയില്‍ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പിടിയിലാകാനുള്ള നാലുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം.
കഴിഞ്ഞ മാസം നാലുപേരെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കാനുളള ശ്രമങ്ങളും നടന്നുവരുന്നുണ്ട്. മലപ്പുറം മുഹമ്മദ് ബഷീര്‍(45),കോരക്കാട് അബ്ദുള്‍ നാസര്‍ (46),താമരശേരി മുഹമ്മദ്(50), ഫസല്‍ (31) എന്നിവരാണ് അറസ്റ്റിലായിരുന്നത്.
തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.കഴിഞ്ഞ മാസം 17ന് തൊട്ടില്‍പ്പാലം സ്വദേശി പാറശേരി മിത്തല്‍ മുഹമ്മദ് റിയാസിനെ തട്ടക്കൊണ്ടു പോയി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
സ്വര്‍ണം കടത്തുന്നതിനായി റിയാസിനെ ഉപയോഗിക്കുകയും എന്നാല്‍ ഇയാള്‍ ഇവരെ കബളിപ്പിച്ച് സ്വര്‍ണവുമായി കടന്നുകളയാന്‍ ശ്രമിച്ചെന്ന് കരുതി കരിപ്പൂരിലിറങ്ങി ആറ് വാഹനങ്ങളിലായി വന്ന സംഘം ഇയാളെ കൊണ്ടോട്ടി കാളോത്ത് വച്ച് കാര്‍ തടഞ്ഞ് തട്ടികൊണ്ടു പോവുകയുമായിരുന്നു.
പിന്നീട് യാത്രക്കാരനെ മര്‍ദിച്ച് മുക്കം ടൗണില്‍ ഇറക്കി വിട്ടു.സംഘത്തില്‍ ഉള്‍പ്പെട്ട മറ്റുളളവരെ കുറിച്ച് വ്യക്തമായ വിവരം പോലീസിന് ലഭിച്ചിരുന്നു.
ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടയിലാണ് ഇവര്‍ കോടതിയില്‍ നിന്ന് ജാമ്യം നേടിയത്.സംഭവത്തില്‍ പ്രത്യേക പോലീസ് അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.