കോട്ടയം: രണ്ടു കുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകുന്നതു കണ്ടെന്ന ഫോണ് സന്ദേശം ഇന്നലെ രാത്രി പോലീസിനെ മുൾമുനയിൽ നിർത്തി. മണിക്കൂറുകൾക്കകം സംഭവത്തിന്റെ നിജസ്ഥിതി പോലീസ് കണ്ടെത്തി. ഇന്നലെ രാത്രി ഒൻപതു മണിയോടെ പാലാ പോലീസ് സ്റ്റേഷനിലേക്ക് ഒരാൾ ഫോണിൽ വിളിച്ച് രണ്ടു കുട്ടികളെ കാറിൽ തട്ടിക്കൊണ്ടു പോകുന്നതു കണ്ടുവെന്നു പറഞ്ഞു.
കാറിന്റെ സീറ്റിനടിയിലാണ് കുട്ടികളെ കിടത്തിയിരിക്കുന്നതെന്നും കാറിന്റെ നന്പർ സഹിതമാണ് വിളിച്ചറിയിച്ചത്. ജില്ലാ പോലീസ് സൂപ്രണ്ടിനെയും ഇയാൾ ഇതേ സംഭവം വിളിച്ചറിയിച്ചു. അപ്പോൾ തന്നെ പോലീസ് ജാഗ്രതയോടെ രംഗത്തിറങ്ങി. കാറിന്റെ നന്പർ ഇന്റർ നെറ്റിൽ തെരഞ്ഞ് ഉടമയുടെ വിലാസവും ഫോണ് നന്പരും കണ്ടുപിടിച്ച് വിളിച്ചപ്പോൾ ഒരാഴ്ച മുൻപ് പൊളിക്കാനായി കാർ വിറ്റെന്നായിരുന്നു മറുപടി. ഇതോടെ സംഗതി ശരിയാണെന്നു പോലീസ് ഉറപ്പിച്ചു.
സാധാരണയായി പൊളിക്കാനുള്ള വണ്ടികളാണ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കാറുള്ളത്. കാർ വാങ്ങിയ ആളുടെ വിലാസവും ഫോണ് നന്പരും ഉടമയുടെ കൈവശമുണ്ടായിരുന്നു. അയാളുടെ ഫോണ് നന്പരിൽ വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോകലല്ല എന്നു വ്യക്തമായത്.
സംഗതി ഇങ്ങനെ: കൂട്ടുകാരന്റെ പിണങ്ങിപ്പോയ ഭാര്യയെ വിളിച്ചുകൊണ്ടുവരാനായി കാറിൽ രണ്ടു കുട്ടികളുമായി പോവുകയായിരുന്നു. ഭാര്യയുടെ വീട്ടിലെത്തി സംസാരിച്ചെങ്കിലും അവർ ഒപ്പം പോരാൻ കൂട്ടാക്കിയില്ല. തിരികെ പാലാ ഭാഗത്ത് എത്തിയപ്പോൾ കിടന്നുറങ്ങുകയായിരുന്ന കുട്ടികളിൽ ഒരാൾ സീറ്റിൽ നിന്ന് താഴെ വീണു. വണ്ടി നിർത്തി സീറ്റനിടിയിൽ വീണ കുട്ടിയെ എഴുന്നേൽപ്പിച്ച് കിടത്തി.
ഈ സമയത്താണ് വഴിയാത്രക്കാരനായ ഒരാൾ വന്ന് സംശയിച്ച് ചില ചോദ്യങ്ങൾ ചോദിച്ചത്. ഭാര്യയുമായി പിണങ്ങി വന്നതിന്റെ ടെൻഷനിൽ വഴിയാത്രക്കാരന്റെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കാതെ കാർ വിട്ടു. ഇതാണ് സംശയത്തിനിടയാക്കിയത്.
എന്തായാലും രാത്രി ഒന്നരയോടെ തട്ടിക്കൊണ്ടുപോകൽ കഥയ്ക്ക് അന്ത്യമായി. പിണങ്ങിപ്പോയ ഭാര്യയേയും പോലീസ് വിളിച്ച് പറഞ്ഞ കാര്യങ്ങൾ ശരിയാണോ എന്നു സ്ഥിരീകരിച്ചു. എല്ലാം ശരിയാണെന്നു സമ്മതിച്ച ഭാര്യ പിണക്കം മാറ്റി ഇന്നു രാവിലെ ഭർത്താവിനും കുട്ടികൾക്കുമൊപ്പം പോകുമെന്നും പോലീസിനെ അറിയിച്ചു.