കോഴിക്കോട്: ബൈക്ക് യാത്രികനെ തട്ടികൊണ്ടുപോയി നാലുലക്ഷം രൂപ കവര്‍ന്ന സംഘത്തെ കണ്ടെത്താനായില്ല. സംസ്ഥാനത്തിന് പുറത്തേക്ക് സംഘം പോയതായുള്ള സൂചനകള്‍ ലഭിച്ചെങ്കിലും തുടരന്വേഷണത്തിന് പോലീസ് തയാറായില്ല. ഇതോടെ കേസിന്റെ അന്വേഷണം നിലച്ചു.
പ്രതികള്‍ തട്ടിയെടുത്ത സ്കൂട്ടര്‍ ആദ്യഘട്ടത്തില്‍ കണ്ടെത്തിയതല്ലാതെ പ്രതികളെ കുറിച്ച് യാതൊരു അന്വേഷണവും പിന്നീട് പോലീസ് നടത്തിയില്ല. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികളെ കസ്റ്റഡില്‍ വച്ച് ചോദ്യം ചെയ്യുന്നതും മറ്റും വിവാദക്കരുതെന്ന ഉന്നത പോലീസുദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കവര്‍ച്ചാസംഘത്തിന് പിന്നാലെ പോലീസ് പോവാത്തതെന്നാണറിയുന്നത്.
ജൂലൈ രണ്ടിന് കോട്ടാംപറമ്പ് മദ്രസയ്ക്ക് സമീപത്തായിരുന്നു കവര്‍ച്ച. കൊടുവള്ളി ആവിലോറ കിഴക്കെ നെച്ചിപൊയിലില് മഷ്ഹൂദിനെയാണ് കാറില്‍ പിന്തുടര്ന്നെത്തിയ സംഘം പിടികൂടി നാല് ലക്ഷം കവര്‍ന്നത്. മഷ്ഹൂദ് സഞ്ചരിച്ച ബൈക്കിനെ കാര്‍ തടസപ്പെടുത്തുകയായിരുന്നു.
ഇതിനിടെ ബൈക്കില്‍ നിന്നിറിങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മഷ്ഹൂദിനെ സംഘം പിടികൂടി കാറില്‍ കയറ്റുകയായിരുന്നു. പണം കവര്‍ന്ന ശേഷം കാളാണ്ടി താഴത്ത് ഇറക്കിവിടുകയും ചെയ്തു. മഷ്ഹൂദിന്റെ സ്കൂട്ടറും കാറിലെത്തിയ സംഘത്തിലൊരാള്‍ കൊണ്ടുപോയിരുന്നു.