കോട്ടയം: വല്യമ്മയോടൊപ്പം സ്കൂൾ ബസ് കാത്തു നിന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത് മീനടത്ത് പരിഭ്രാന്തി പരത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്വിഫ്റ്റ് കാർ തപ്പി പോലീസ് വാഹനങ്ങൾ ചീറിപ്പാഞ്ഞു. മീനടവും സമീപ പ്രദേശവുമാകെ ഇളകി മറിഞ്ഞു. അപ്രതീക്ഷിതമായി പോലീസ് വാഹനങ്ങൾ പായുന്നതു കണ്ട് ജനം അന്തം വിട്ടു.
സംഗതി കേട്ടവർ മൊബൈലിലൂടെ സന്ദേശം ദൂരെയുള്ളവർക്ക് കൈമാറി. കുട്ടിയുടെ അടയാളങ്ങളും തട്ടിക്കൊണ്ടുപോയ കാറിന്റെ വിവരങ്ങളും വാട്സ് ആപ്പ് വഴി പ്രചരിച്ചു. ജില്ലയ്ക്കു പുറത്തേക്കു വരെ സന്ദേശമെത്തി. സമീപ സ്ഥലങ്ങളിലെ പോലീസ് വഴിയിലിറങ്ങി വാഹന പരിശോധന നടത്തി. ഒറ്റ സ്വിഫ്റ്റ് കാർ പോലും വെറുതെ വിട്ടില്ല. ഒടുവിലാണ് കുട്ടിയെ തട്ടിയെടുത്തത് സ്വന്തം അച്ഛനാണെന്ന വിവരം പുറത്തു വന്നത്.
ഇന്നു രാവിലെ 8.20നാണ് സംഭവം. മീനടം ഞണ്ടുകുളം പാലത്തിനു സമീപത്തെ വളവിൽ നിൽക്കുകയായിരുന്നു ആറു വയസുകാരൻ. പാന്പാടിയിലെ സ്കൂളിലേക്ക് പോകാൻ വല്യമ്മയാണ് കുട്ടിയെ കൊണ്ടുവന്നത്. ഈസമയം ഒരു സ്വിഫ്റ്റ് കാർ വന്ന് അതിൽ നിന്നൊരാൾ ഇറങ്ങി വല്യമ്മയെ തള്ളിമാറ്റി കുട്ടിയെ എടുത്ത് കാർ ഓടിച്ചു പോയി. മറ്റു കുട്ടികളും അവരുടെ രക്ഷാകർത്താക്കളുമൊക്കെ നോക്കി നിൽക്കെയാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്.
നാട്ടുകാരിൽ ആരോ പാന്പാടി പോലീസിൽ അറിയിച്ചു. പാന്പാടിയിൽ നിന്നും കോട്ടയത്തുനിന്നുമായി ഞൊടിയിടെ പോലീസ് പാഞ്ഞെത്തി. തെങ്ങണ ഭാഗത്തേക്കാണ് കാർ പോയത്. സംഭവമറിഞ്ഞ് കറുകച്ചാൽ പോലീസ് അവിടെ വല വിരിച്ചു.
ഇതിനിടെ പാന്പാടിയിൽ നിന്നുള്ള പോലീസ് എത്തി കുട്ടിയുടെ വല്യമ്മയോട് വിശദമായ വിവരം ചോദിച്ചപ്പോഴാണ് കുട്ടിയുടെ അച്ഛനാണ് കൊണ്ടുപോയതെന്നും പിന്നിൽ കുടുംബ പ്രശ്നമാണെന്നും പോലീസിനോട് പറഞ്ഞത്. ഇതോടെ പോലീസിന്റെ തെരച്ചിൽ നിർത്തി. അപ്പോഴും നാട്ടുകാർ ഇതൊന്നും അറിയാതെ അവരുടെ അന്വേഷണങ്ങൾ തുടർന്നു. കുടുംബ പ്രശ്നമായതിനാലും കുട്ടിയെ കൊണ്ടുപോയത് സ്വന്തം അച്ഛനായതിനാലും കേസൊന്നുമില്ലെന്ന് പാന്പാടി പോലീസ് പറഞ്ഞു.