സ്വന്തം ലേഖകൻ
തലശേരി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവം നാടകമെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ട്.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹവാല പണവും കള്ളക്കടത്ത് സ്വർണവും തട്ടിയെടുക്കുന്ന “പൊട്ടിക്കൽ’ സംഘമാണ് തട്ടിക്കൊണ്ട് പോകൽ നാടകത്തിനു പിന്നിലെന്നുമാണ് സൂചന.
തലശേരി പുതിയ ബസ്സ്റ്റാൻഡിനു സമീപമുള്ള ആഢംബര ഹോട്ടലിൽ സംഘത്തിലെ ഒരാളുടെ പിറന്നാൾ പാർട്ടിക്കിടയിലാണ് പതിനാലുപേരെ തലശേരി ടൗൺ സിഐ അനിലും സംഘവും പിടികൂടി നെടുമ്പാശേരി പോലീസിന് കൈമാറിയത്.
പിടിയിലായവരിൽ ഇരട്ടക്കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിലെ പ്രതികൾ ഉള്ളതായി പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ഇവരിൽ അഞ്ച് പേരുടെ അറസ്റ്റാണ് നെടുമ്പാശേരി പോലീസ് ഇന്നലെ രേഖപ്പെടുത്തിയിട്ടുള്ളത്. മറ്റ് ഒമ്പത് പേരെയും പോലീസ് ചോദ്യം ചെയ്തു വരികയാണ്.
നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തി വിദേശത്തു നിന്നും വന്ന ഹഫ്സലിനെ കൂട്ടിക്കൊണ്ട് പോയവരുടെ അറസ്റ്റാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളതെന്നും മറ്റുള്ളവരെ ചോദ്യം ചെയ്തു വരികയാണെന്നും സംഭവത്തിൽ ഉൾപ്പെട്ട സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും നെടുമ്പാശേരി സിഐ രാഷ്ട്രദീപികയോട് പറഞ്ഞു.
അറസ്റ്റിലായവർ അഞ്ചുപേർ
പാനൂർ സ്വദേശികളായ ശ്രീനിലയത്തിൽ ശ്രീലാൽ ( 32 ), മനേക്കരയിലെ ലിബിൻ ( 30 ), വാരിയം കണ്ടത്ത് അജ്മൽ ( 27 ), കുന്നുമ്മക്കണ്ടൻ നജീബ് (22), പന്തക്കലിലെ റനീഷ് (32) എന്നിവരെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
വധശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളായിട്ടുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുളളതെന്നും പോലീസ് പറഞ്ഞു.
മസ്ക്കറ്റിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ ഹഫ്സലിനെ തട്ടിക്കൊണ്ട് പോയെന്ന കേസിലാണ് പ്രതികളുടെ അറസ്റ്റ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്.
എന്നാൽ, ഹഫ്സലിന്റെ അറിവോടെ നടന്ന നാടകമാണ് തട്ടിക്കൊണ്ട് പോകലെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള രഹസ്യ വിവരം.
വിദേശത്തു നിന്നും സ്വർണവുമായി എത്തിയ ഹഫ്സൽ സ്വർണം യഥാർഥ ഉടമകൾക്ക് കൈമാറാതെ പാനൂർ സ്വദേശികളോടൊപ്പം സ്ഥലം വിട്ടുവെന്നാണ് റിപ്പോർട്ട്.
സ്വർണത്തിന്റെ യഥാർഥ ഉടമകൾ കാത്തു നിൽക്കെ പാനൂർ സ്വദേശികൾക്കൊപ്പം ടാക്സി കാറിലാണ് സംഘം തലശേരിയിലേക്ക് തിരിച്ചത്.
ഹഫ്സലിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയെ തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി പരിശോധിച്ച പോലീസ് ഹഫ്സൽ കയറിയ ടാക്സി കാർ തിരിച്ചറിയുകയും കല്ലാച്ചി സ്വദേശിയായ ഉടമയെ ബന്ധപ്പെടുകയും ചെയ്തു.
പോലീസ് വിവരം മനസിലാക്കിയെന്നറിഞ്ഞ സംഘം ടാക്സി കാറിൽ നിന്നും ഇറങ്ങുകയും ബസിൽ തലശേരിയിലെത്തുകയുമായിരുന്നു.
ഭരണകക്ഷിയിലെ ഒരു നേതാവിന്റെ ബന്ധം പറഞ്ഞ് ആഢംബര ഹോട്ടലിൽ മുറിയെടുക്കുകയും ചെയ്തു. പിന്നീട്, സംഘത്തിലെ ഒരാളുടെ ജന്മദിനാഘോഷം സംഘടിപ്പിക്കുകയും ചെയ്തു.
ആഘോഷത്തിനിടയിലേക്ക് പോലീസ് ഇരച്ചു കയറുകയും ഹഫ്സൽ ഉൾപ്പെട്ടെ പതിനാല് പേരെയും പിടികൂടുകയുമായിരുന്നു.
എറണാകുളം കേന്ദ്രീകരിച്ച് ഹോം സ്റ്റേ നടത്തുന്ന പാനൂർ സ്വദേശിയാണ് തട്ടിക്കൊണ്ട് പോകൽ ആസൂത്രണം ചെയ്തതെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
ഹഫ്സലിന്റെ മാതാവ് ഉമ്മലുവാണ് മകനെ കാൺമാനില്ലെന്ന് കാണിച്ച് നെടുമ്പാശേരി പോലീസിൽ പരാതി നൽകിയത്.