തൃശൂർ: ഭാര്യയോടൊപ്പം സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയ യുവ സംവിധായകനും നടനുമായ നിഷാദ് ഹസനെ കണ്ടെത്തി. കൊടകരയിൽ നിന്നാണ് നിഷാദിനെ കണ്ടെത്തിയത്. മർദ്ദനമേറ്റ പരിക്കുകൾ ഉള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഉണ്ട്. ഇന്നലെ പുലർച്ചെയാണ് ഭാര്യയോടൊപ്പം കാറിൽ ഗുരുവായൂർക്കു പോകുന്നതിനിടെ ചിറ്റിലപ്പിള്ളി മുള്ളൂർക്കായലിനു സമീപത്തുവച്ച് കാറിലെത്തിയ സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയത്.
മുഖം മറച്ച സംഘമാണ് അക്രമിച്ചതെന്നായിരുന്നു നിഷാദിന്റെ ഭാര്യ പൊലീസിന് മൊഴി നൽകിയത്. മുൻ നിർമാതാവുമായുള്ള തർക്കമാണ് പിന്നിലെന്നും ആരോപണമുണ്ടായിരുന്നു. നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ വിപ്ലവം ജയിക്കാനുള്ളതാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്.
ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂർക്കു പോവുന്പോഴായിരുന്നു ആക്രമണം. തട്ടിക്കൊണ്ടു പോവൽ സിനിമയുടെ പബ്ലിസിറ്റിക്കു വേണ്ടിയുള്ള തിരക്കഥയാണെന്നും ആക്ഷേപം ഉയർന്നിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും പരാതിയുടെ നിജസ്ഥിതിയും പരിശോധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.