കോട്ടയം: കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടത്തിയതായി സംശയിച്ചു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 6.30നു എരുത്തുപ്പുഴയിലെ വീട്ടിലാണ് സംഭവം.
വൈകുന്നേരം നാലിനു വീട്ടുമുറ്റത്ത് ആറു കുട്ടികൾ കളിക്കുന്നതിനിടയിൽ പ്ലാസ്റ്റിക് പാത്രങ്ങൾ വില്പന നടത്തുന്നതിനായി ഇതര സംസ്ഥാനക്കാരൻ എത്തി. ഗേറ്റ് തുറന്ന് വീടിനുള്ളിൽ കയറി പാത്രങ്ങളുടെ വില്പനക്കാരൻ ഉടൻ തിരികെ പോവുകയും ചെയ്തു.
ഇതു കണ്ട ഒരു കുട്ടി വിവരം വീട്ടിലുണ്ടായിരുന്നവരോടു പറഞ്ഞു. സംശയം തോന്നിയ വീട്ടുകാർ വിവരം അയൽവാസികളെ അറിയിക്കുകയും സംഘം ചേർന്നു തെരച്ചിൽ നടത്തുകയും ചെയ്തു. എന്നാൽ പാത്രങ്ങൾ വില്പന നടത്താൻ എത്തിയയാളെ കണ്ടെത്താൻ സാധിച്ചില്ല.
പീന്നിട് വൈകുന്നേരം ആറോടെ ഈ വീട്ടിലുണ്ടായിരുന്നവർ അടുക്കള വശത്ത് പുറത്തിറങ്ങിയപ്പോൾ പറന്പിൽ മൂന്നംഗ സംഘം ഒളിച്ചിരിക്കുന്നതു കണ്ടു. ബഹളമുണ്ടാക്കിയതോടെ സംഘം ഓടി രക്ഷപ്പെട്ടു. ഇതോടെ വിവരം പാന്പാടി പോലീസിൽ അറിയിച്ചു.
സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്നു വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. കൂവപ്പൊയ്ക, എരുത്തുപ്പുഴ ഭാഗത്തെ റബർ തോട്ടങ്ങളിലും പന്നംഗം തോട്ടിലുമാണ് തെരച്ചിൽ നടത്തിയത്.
പാന്പാടി എസ്എച്ച്ഒ യു. ശ്രീജിത്ത്, എസ്ഐ വി.എസ്. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്.