റാന്നി: റാന്നി സ്വദേശികളായ യുവാക്കളെ മലപ്പുറത്ത് സിനിമാസ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി വിലപേശിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. റാന്നി ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകൻ ഷിജി (27), താഴത്തേതിൽ മോനച്ചന്റെ മകൻ ജിക്കുമോൻ (27) എന്നിവരെയാണ് മലപ്പുറത്തു തട്ടിക്കൊണ്ടുപോയതായി പരാതി ഉണ്ടായത്.
ഇവരെ തിരൂരിലെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ ഇന്നലെ രാത്രി കണ്ടെത്തുകയും റാന്നി പോലീസ് തിരികെ കൊണ്ടുപോരികയും ചെയ്തു. ഇവരിൽ ഒരാളുടെ വീട്ടുകാരുടെ പരാതി ഉള്ളതിനാൽ യുവാക്കളെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് പറഞ്ഞു.
സംഭവത്തേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ – ശനിയാഴ്ച വൈകുന്നേരമാണ് മലപ്പുറത്തെ തട്ടിക്കൊണ്ടുപോകൽ അരങ്ങേറുന്നത്. റാന്നി സ്വദേശികളായ യുവാക്കൾക്കു പിന്നാലെ കൂടിയ സംഘം ഇവരെ തട്ടിയെടുത്തശേഷം രണ്ടുദിവസമായി ഫോണിലൂടെ വിശപേശുകയായിരുന്നു. വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ട് ലക്ഷങ്ങളാണ് സംഘം ആദ്യം ആവശ്യപ്പെട്ടത്.
ഇരുവരുടെയും വീട്ടുകാർ ഇതിനു വഴങ്ങാതെ വന്നതോടെ ഒടുവിൽ 10,000 രൂപ തരണമെന്നായി. ഇതു വീട്ടുകാർ വിസമ്മതിച്ചു. റാന്നി പോലീസിൽ സംഭവദിവസം രാത്രിതന്നെ വീട്ടുകാർ വിവരങ്ങൾ നൽകിയിരുന്നു. ഇതനുസരിച്ച് സംഘത്തിന്റെ നീക്കങ്ങൾ പോലീസ് നിരീക്ഷിച്ചു. മലപ്പുറത്തേക്കു തിരിച്ച പോലീസ് സംഘം തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളുടെ ഫോണ് നന്പർ പിന്തുടർന്ന് തെരച്ചിൽ തുടങ്ങി.
പോലീസ് തങ്ങളെ പിന്തുടരുന്നുവെന്നു സംശയം തോന്നിയ സംഘം യുവാക്കളെ വഴിയരികിൽ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നുവെന്ന് റാന്നി പോലീസ് പറഞ്ഞു. തട്ടിക്കൊണ്ടുപോകലിന് ഇരയായതായി പറയുന്ന യുവാക്കൾ മലപ്പുറത്ത് എത്തിയതു സംബന്ധിച്ചും ഇവരെ തട്ടിക്കൊണ്ടുപോകാനിടയായ സാഹചര്യത്തൈക്കുറിച്ചും ദുരൂഹത നിലനിൽക്കുന്നു. യുവാക്കളുടെ മൊഴി അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അന്വേഷണം. മലപ്പുറം പോലീസിലും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.