കൊല്ലം: കട അടച്ച് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. പായിക്കട റോഡിൽ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന തങ്കശേരി തോട്ടയ്ക്കാട് ക്ഷേത്രത്തിന് സമീപം നിയോ മൻസിലിൽ റോയി(47)യെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്.
വ്യാഴാഴ്ച രാത്രി കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോയിയെ ആണ്ടാമുക്കത്ത് എത്തിയപ്പോൾ മാരുതി നിയോ വാനിലെത്തിയ ഒരു സംഘം തടഞ്ഞുനിർത്തി ബലമായി വാനിനുള്ളിലേക്ക് കയറ്റി.
ദൃക്സാക്ഷിയായ ഒരാൾ വിവരം അറിയിച്ചതിനെ തുടർന്ന് വാഹനത്തിന്റെ നന്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം തിരിച്ചറിഞ്ഞതോടെ ഉടമയെ പോലീസ് ഫോണിൽ ബന്ധപ്പെട്ടു.
പോലീസ് വലവിരിച്ചെന്ന് മനസിലായതോടെ സംഘം റോയിയെ പുലർച്ചെ മൂന്നോടെ പോളയത്തോട്ടിന് സമീപം റോഡ് വക്കിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അവശനിലയിലായിരുന്ന റോയി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു.
അക്രമിസംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും അതിൽ ഒരാളെ തനിക്ക് അറിയാമെന്നും റോയി പോലീസിനോട് വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാൻ പുലർച്ചെ പള്ളിത്തോട്ടത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിനുള്ളിൽ നിന്ന് കന്പിവടി, വായ് മൂടിക്കെട്ടാനുള്ള ടേപ്പ്, കയർ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ആണ്ടാമുക്കത്ത് നിന്നും റോയിയുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.
തട്ടിക്കൊണ്ടുപോകൽ സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്നാണ് പൊലീസിന്റെ നിഗമനം. റോയിയുമായി സാന്പത്തിക ഇടപാടുള്ള വ്യാപാരിയാണ് ക്വട്ടേഷൻ നൽകിയതെന്നാണ് സൂചന. സംഘാംഗങ്ങളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷ ണം തുടങ്ങിയെങ്കിലും പ്രതികൾ ഒളിവിലാണ്.
രണ്ട് വർഷം മുന്പ് റോയിയെ തടഞ്ഞുനിറുത്തി ഒന്പത് ലക്ഷം രൂപ തട്ടിയെടുത്തിയിരുന്നു. ഈ സംഭവത്തിലെ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.പഴയ സംഭവവുമായി ഇപ്പോഴത്തെ തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു.