നാദാപുരം: ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ ആയുധധാരികളായ സംഘം ഇടിച്ചുവീഴ്ത്തി തട്ടിക്കൊണ്ടുപോയി ഏഴര ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ നാദാപുരം പോലീസ് അന്വേഷണം ഊർജിതമാക്കി.അരൂര്‍ സ്വദേശി തറമ്മല്‍ ഷബീര്‍ (31)നെയാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി പണം അപഹരിച്ച ശേഷം റോഡില്‍ ഉപേക്ഷിച്ചത്.
വ ്യാഴാഴ്ച രാവിലെ പത്തര മണിയോടെ ചേലക്കാട് തണ്ണീര്‍പന്തല്‍ റോഡില്‍ സിആര്‍പി മുക്കിലാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. തണ്ണീര്‍ പന്തലില്‍നിന്ന് പണവുമായി ചേലക്കാട് ഭാഗത്തേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നെത്തിയ കെ എല്‍ 33 ജെ 2323 നമ്പര്‍ വെള്ള കളര്‍ സ്വിഫ്റ്റ് കാറിലെത്തിയ അഞ്ചംഗ സംഘം ഷബീര്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 18 ഇ 1034 നമ്പര്‍ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
റോഡില്‍ തെറിച്ചുവീണ ഷബീറിനെ കാറില്‍നിന്നിറങ്ങിയ സംഘം വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോകുകയായിരുന്നു.യുവാവിന്റെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരെ മാരകായുധങ്ങൾ കാണിച്ച് വിരട്ടി ഓടിക്കുകയായിരുന്നു.ചേലക്കാട് വഴി കക്കട്ടില്നിന്നും കൈവേലി റോഡിലേക്ക് ഓടിച്ചുപോയ കാറില്‍നിന്ന് ഷബീറിന്റെ ശരീരത്തില്‍ ഒളിപ്പിച്ചുവച്ച ഏഴ് ലക്ഷത്തി മുപ്പതിനായിരം രൂപ അപഹരിച്ചശേഷം കൈവേലിക്കടുത്ത പള്ളിത്തറയില്‍ ഉപേക്ഷിച്ചെന്നാണ് പരാതി.
പിടിവലിക്കിടയില്‍ കീറിയ വസ്ത്രങ്ങളുമായി സമീപത്തെ വീട്ടില്‍ കയറിയ ഷബീര്‍ വസ്ത്രങ്ങള്‍ മാറിയശേഷം സുഹൃത്തിനെ വിവരമറിയിക്കുകയും കക്കട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയുമായിരുന്നു. ഇതിനിടെ സംഭവമറിഞ്ഞെത്തിയ നാദാപുരം പോലീസ് ഷബീറിനെ ക്ലിനിക്കില്‍നിന്ന് കസ്റ്റഡിയിലെടുത്ത് നാദാപുരത്തെത്തിക്കുകയായിരുന്നു.
പ്രതികള്‍ സഞ്ചിരിച്ച കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് പറഞ്ഞു. കൈവേലി വഴി വാണിമേലില്‍നിന്ന് വളയം കല്ലുനിര വഴി കാര്‍ കണ്ണൂര്‍ ജില്ലയിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.ഒരു മാസം മുമ്പ് പുറമേരി കുനിങ്ങാട് റോഡിലും കല്ലാച്ചി വളയം റോഡിലും ബൈക്ക് യാത്രക്കാരെ അക്രമിച്ച് പണം തട്ടിയിരുന്നു.വളയം റോഡില്‍ യുവാവിനെ അക്രമിച്ച് പണം തട്ടിയ കേസില്‍ പയ്യോളി സ്വദേശിയെ നാദാപുരം പോലീസ് അസ്സമില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇത് രണ്ടാം തവണയാണ് പട്ടാപ്പകല്‍ ആയുധധാരികളായ സംഘം കാറിലെത്തി ഭീതി പരത്തി പണം തട്ടിയെടുക്കുന്നത്. ഷബീറിന്റെ പരാതിയില്‍ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഴല്‍പ്പണ വിതരണക്കാര്‍ തമ്മിലുള്ള കുടിപ്പകയാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പോലീസ് നിഗമനം.