നവാസ് മേത്തർ
തലശേരി: മുഖ്യമന്ത്രി പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടു പോകാൻ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പദ്ധതിയിട്ട വിവരം പിണറായിയോട് പറഞ്ഞത് പ്രമുഖ അബ്കാരിയും കോൺഗ്രസ് നേതാവുമായിരുന്ന കൊച്ചിയിലെ പ്രമുഖനെന്ന് സൂചന.
കണ്ണൂരിലെ മലയോര ഗ്രാമത്തിൽ ജനിക്കുകയും നിർമലഗിരിയിലും ബ്രണ്ണൻ കോളജിലും പഠിക്കുകയും പിന്നീട് കൊച്ചി ആസ്ഥാനമായി വലിയ അബ്കാരി കോൺട്രാക്ടറായി മാറുകയും ചെയ്ത ഇദ്ദേഹം കോൺഗ്രസ് നേതാവായിരിക്കുമ്പോഴും പിണറായി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്.
ഇ.പി ജയരാജനു നേരെ വെടിവെപ്പ് ഉൾപ്പെടെയുള്ള സംഭവങ്ങൾ അരങ്ങേറിയ സമയത്താണ് പിണറായിയുടെ മക്കളെ തട്ടിക്കൊണ്ട് പോകാനുള്ള നീക്കവും നടന്നതെന്നും റിപ്പോർട്ടുണ്ട്.
കോൺഗ്രസിലെ ഉന്നതാധികാര സമിതികളിൽ അംഗമായിരുന്ന അതി സമ്പന്നനായി അബ്കാരി കോൺട്രാക്ടർ ഏതാനും വർഷം മുമ്പാണ് മരണമടഞ്ഞത്.
സുധാകരന്റെയും മമ്പറം ദിവാകരന്റേയും അടുത്ത സുഹൃത്തായിരുന്നു ഈ അബ്കാരി .സ്വന്തമായി ഡിസ്ലറികൾ ഉള്ള ഈ പ്രമുഖൻ പലപ്പോഴും സിപിഎമ്മും സുധാകരനും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ മധ്യസ്ഥന്റെ റോളുകളിലും എത്തിയിരുന്നു.
പിണറായിയെ അടിച്ചു വീഴ്ത്തിയെന്ന സുധാകരന്റെ വെളിപ്പെടുത്തലിനോടുള്ള മമ്പറം ദിവാകരന്റെ നിലപാടും ഇതിനകം ചർച്ചയായിട്ടുണ്ട്.
സുധാകരന്റെ സന്തത സഹചാരിയും സുധാകരനെ ആദ്യ കാലത്ത് ഡിസിസി പ്രസിഡണ്ടന്റാക്കാൻ ചുക്കാൻ പിടിക്കുകയും ചെയ്ത ദിവാകരൻ സുധാകരന്റെ വെളിപ്പെടുത്തൽ പ്രകാരമുള്ള സംഭവം നടന്നിട്ടില്ലെന്ന നിലപാടിലാണുള്ളത്.
പാർട്ടിക്കുള്ളിൽ സുധാകരന്റെ ശക്തനായി എതിരാളി കൂടിയായ ദിവാകരൻ കെപിസിസി പ്രസിഡന്റ് പദവിയിൽ സുധാകരൻ എത്തിയതോടെ പാർട്ടി ചട്ടക്കൂടിനുള്ളിൽ നിന്ന് വിമർശനം തുടരാനാണ് തീരുമാനിച്ചിട്ടുള്ളത്.