തിരുവനന്തപുരം: യുവാവിനെ തട്ടികൊണ്ടു പോയി പണവും സ്വർണ്ണാഭരണവും കവർന്ന കേസിൽ മൂന്നു പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു .
വ്യാജ ഫേയ്സ് ബുക്ക് ഐഡിയിൽകൂടി നെടുമങ്ങാട് സ്വദേശിയായ യുവാവിനെ ആറ്റുകാൽ ക്ഷേത്ര പരിസരത്ത് എത്തിച്ച് തട്ടികൊണ്ടു പോയി സ്വർണാഭരണവും പണവും വാഹനത്തിന്റെ ആർസിബുക്കും കവർന്ന കേസിൽ തിരുമല വലിയവിള സ്വദേശി ദിലീപ്, (30), കുളത്തറ കോട്ടയിൽ, ആറ്റു വരമ്പിന് സമീപം വിഷ്ണു, (ആംഗ്രി വിഷ്ണു ,31), കാലടി തെറ്റിക്കാട് ക്ഷേത്രത്തിന് സമീപം അജീഷ് (കണ്ണൻ 22), എന്നിവരെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ ഒരു പ്രതിയായ സച്ചിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ ആലപ്പുഴ രാമങ്കരിയിലെ ഒളിസങ്കേതത്തിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ എസ്. ഷാജിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഫോർട്ട് എസ്എച്ച്ഒ ജെ. രാകേഷ്, എസ്ഐമാരായ സജു ഏബ്രഹാം , ദിനേശ്, സിപിഒമാരായ ബിനു, പ്രഫൽ, സാബു, വിനോദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
സമാന രീതിയിൽ പ്രതികൾ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നുള്ളത് പോലീസ് അന്വേഷിച്ച് വരികയാണ്. പ്രതികളെ റിമാന്‍ഡ് ചെയ്തു.