സ്വന്തം ലേഖകന്‍
കോഴിക്കോട്: താമരശേരിയിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി മുഹമ്മദ് അഷ്റഫ് മൂന്നു ദിവസങ്ങൾക്കുശേഷം തിരികെയെത്തി.
അഷ്റഫിനെ കണ്ടെത്താൻ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രിയോടെ വീട്ടിലെത്തിയത്. ഇന്നലെ രാവിലെ കൊല്ലത്ത് കണ്ണുകെട്ടി ഇറക്കിവിടുകയായിരുന്നുവെന്നാണ് അഷ്റഫ് പറയുന്നത്.
കൊല്ലത്തുനിന്നു ബസിലാണ് കോഴിക്കോട്ടെത്തിയത്. തട്ടിക്കൊണ്ടു പോകുന്നതിനിടെ മൊബൈൽ ഫോൺ നഷ്ടമായതിനാൽ ആരെയും ബന്ധപ്പെടാൻ സാധിച്ചില്ലെന്നും അഷ്റഫ് പറയുന്നു.
അഷ്റഫിന്റെ ശരീരത്തിൽ മുറിപ്പാടുകളുണ്ട്. അഷ്റഫിൽനിന്നു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തി.അതേസമയം സംഭവത്തിൽ രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
മുക്കം കൊടിയത്തൂർ സ്വദേശികളായ മുഹമ്മദ് നാസ്, ഹബീബ് റഹ്മാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹോദരനും കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതിയുമായ അലി ഉബൈറും അഷ്റഫിന്റെ ഭാര്യ സഹോദരനും തമ്മിലുള്ള പണമിടപാട് തർക്കത്തെ തുടർന്നാണ് തട്ടിക്കൊണ്ടുപോകൽ എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത മലപ്പുറം സ്വദേശി മുഹമ്മദ് ജൗഹറിനെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലായ പ്രതികളെയും വ്യാപാരിയെയും ഒരുമിച്ചിരുത്തിപോലീസ് ചോദ്യം ചെയ്യും. നിലവില്‍ വ്യാപാരിയും അറസ്റ്റിലായവരും നല്കിയമൊഴികളില് വൈരുദ്ധ്യമുണ്ട്.
കഴിഞ്ഞ 22ന് രാത്രി മുക്കത്തുള്ള സൂപ്പര്‍മാര്‍ക്കറ്റ് അടച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ അഷ്റഫിനെ 9.45 ന് താമരശേരി -മുക്കം റോഡില്‍ വെഴുപ്പൂരില്‍ എത്തിയപ്പോള്‍ ടാറ്റാ സുമോ കാറിലും സ്വിഫ്റ്റ് കാറിലും എത്തിയ സംഘം സ്കൂട്ടറിന് ബ്ലോക്കിട്ട് ബലം പ്രയോഗിച്ച് സുമോ കാറില്‍ കയറ്റി കൊണ്ട് പോകുകയായിരുന്നു.
സംഭവം കണ്ട ബൈക്ക് യാത്രക്കാര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളുടെ പരാതി പ്രകാരം കേസെടുത്ത് താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തില്‍ ഊര്‍ജിതമായി അന്വേഷണം നടത്തി വരിക യായിരുന്നു.