പെരുന്പെട്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടു പോയ കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ കുരിശുമല വീട്ടിൽ ലിജോ അഗസ്റ്റിനെ (22)യാണ് മംഗലാപുരത്തു നിന്നും അറസ്റ്റ് ചെയ്തത്.
പ്ലസ് വണ്ണിന് പഠിക്കുന്ന വിദ്യാർഥിനിയെ കണാനില്ലെന്ന് രക്ഷാകർത്താവ് പെരുമ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും ട്രെയിനിൽ മംഗലാപുരം ഭാഗത്തേക്കു സഞ്ചരിക്കുകയാണെന്ന് വ്യക്തമായതോടെ തിരുവല്ല ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം 24 മണിക്കൂറിനുള്ളിൽ പെരുമ്പെട്ടി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സബ് ഇൻസ്പെക്ടർ എം. ആർ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സിവിൽ പോലിസ് ഓഫീസർമാരായ പി. കെ. മനു, ഷെറിൻ, രതീഷ് കുമാർ, ടി. എ. അജാസ് എന്നിവർ ചേർന്നാണ് പിടി കൂടിയത്. ചോദ്യം ചെയ്യലിൽ തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തിച്ച പെൺകുട്ടിയെ പ്രലോഭിപ്പിച്ച് മംഗലാപുരം ഭാഗത്തേക്ക് കൂട്ടിക്കൊണ്ട് പോയെന്ന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.