ആലുവ: ജില്ലാആശുപത്രി വളപ്പിൽ നിന്നും വിവാഹിതയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിലെ സ്ത്രീയടക്കമുള്ള മൂന്നു പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിൽ യുവതിയേയും തട്ടിക്കൊണ്ടുപോയ പ്രതികളെയും മിന്നൽവേഗത്തിലാണ് ആലുവ ഈസ്റ്റ് പോലീസ് പിടികൂടിയത്.
യുവതിയുടെ പിതൃസഹോദരി കൂടിയായ വാഴക്കുളം കിഴക്കേപ്പുര ഷിജി (35) പേങ്ങാട്ടുശേരി സെയ്തുകുടി വീട്ടിൽ മുക്താർ (22), എടത്തല പാലോളി വീട്ടിൽ പോത്ത് തൗഫീഖ് എന്ന് തൗഫീഖ് (22) എന്നിവരെയാണ് പോലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തത്.
രണ്ടുമാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. പിടിയിലായ മുക്താറുമായി നേരത്തെ യുവതിക്ക് വിവാഹലോചന നടന്നിരുന്നു. ഇതിന് മുൻകൈയെടുത്തത് അമ്മായിയായ ഷിജിയാണെന്ന് പറയുന്നു. എടത്തല ശാന്തിഗിരി ആശ്രമത്തിന് സമീപം ഭർത്താവിനൊപ്പം താമസിച്ചു വരികയായിരുന്നു യുവതി.
ഇന്നലെ അടുത്ത ബന്ധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് യുവതിയെ പ്രതികളിലൊരാൾ ഫോൺ വിളിച്ചറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവിന്റെ ബന്ധുക്കളുമായി ആശുപത്രിയിലെത്തിയ യുവതിയെ സംഘം കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഷിജിയാണ് യുവതിയെ ബലം പ്രയോഗിച്ച് കാറിൽ പിടിച്ചുകയറ്റിയത്.
ഷിജിയും തൗഫീഖും യുവതിയെ തട്ടിയെടുത്ത് വരുന്നതിനിടയിൽ ഇടയ്ക്ക് വച്ചാണ് മുക്താർ കാറിൽ കയറിയത്. പോലീസ് പിന്തുടരുന്നത് മനസിലാക്കിയ സംഘം മുക്താറിനെയും യുവതിയെയും എടത്തല ഭാഗത്ത് ഇറക്കിവിട്ടശേഷം മറ്റുവഴിക്ക് യാത്ര തിരിച്ചു.
എന്നാൽ മുക്താറിനെയും യുവതിയെയും കണ്ടെത്തിയ പോലീസ് ഇവരെ സ്റ്റേഷനിലെത്തിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തൗഫിഖിനെ എടയപ്പുറത്ത് നിന്നും ഷിജിയെ വാഴക്കുളത്തെ വീട്ടിൽ നിന്നും പിടികൂടുകയായിരുന്നു. മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണ് തൗഫീഖ്. പോലീസ് ഉണർന്നു പ്രവർത്തിച്ചതുകൊണ്ട് യുവതി ദേഹോപദ്രവമേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഡിവൈഎസ്പി പ്രഫുല്ലചന്ദ്രൻ, സിഐ വിശാൽ കെ. ജോൺസൺ, പ്രിൻസിപ്പൽ എസ്ഐ എം.എസ് ഫൈസൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവം നടന്ന് മണിക്കൂറുകൾക്കകം മുഴുവൻ പ്രതികളെയും പിടികൂടിയ ആലുവ ഈസ്റ്റ് പോലീസ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിനന്ദനത്തിന് അർഹരായി.