വൈപ്പിൻ: എട്ടാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയതായി പരാതി. അന്വേഷണത്തിൽ പരാതി വിശ്വാസയോഗ്യമല്ലെന്ന് പോലീസും. കുട്ടിയെ തട്ടിക്കൊണ്ടുപോയതായും കുട്ടി രക്ഷപ്പെട്ട് വീട്ടിലെത്തിയതായുമാണ് ഇന്നലെ രാവിലെ മുതൽ പ്രചരിപ്പിക്കപ്പെട്ടത്. സാമൂഹ്യ മാധ്യമങ്ങൾ ഇതേറ്റെടുക്കുകകൂടി ചെയതതോടെ വാർത്ത വ്യാപകമായി. കുട്ടിയോടൊപ്പം നടത്തിയ അന്വേഷണത്തിൽ പൊരുത്തക്കേടുകൾ കണ്ടതായി പോലീസും അറിയിച്ചു.
കുട്ടിപറയുന്നത് ഇപ്രകാരമാണ്-
രാവിലെ ഞാറക്കൽ മഞ്ഞനക്കാട് ബസിൽ വന്നിറങ്ങിയശേഷം സ്കൂളിലേക്കു നടന്നുപോകുന്പോൾ വഴിയിൽവച്ച് ആരോ, എന്തോ മണപ്പിച്ചു. അതോടെ ബോധം നഷ്ടപ്പെട്ട തനിക്ക് പിന്നീട് ഏതോ ഒരു അജ്ഞാതകേന്ദ്രത്തിൽവച്ചാണ് ഓർമ തിരിച്ചുകിട്ടിയത്. അപ്പോഴേക്കും തന്റെ മുടി മുറിച്ചെടുത്തിരുന്നു.
അവിടെ പത്തു വയസു പ്രായംവരുന്ന മറ്റു രണ്ടു കുട്ടികൾ കൂടി ഉണ്ടായിരുന്നതായും മധ്യവയസ്കനായ ഒരാൾ കണ്ണിൽ ഇരുന്പ് കന്പികൊണ്ടു കുത്താൻ വന്നപ്പോൾ അയാളെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നെന്നും കുട്ടി പറഞ്ഞു. ഓടി ബോൾഗാട്ടിയിലെത്തി ശേഷം വൈപ്പിനിലേക്കുള്ള ബസിൽ കയറി 11ഓടെവീട്ടിലെത്തുകയായിരുന്നത്രേ.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് കുട്ടിയോടൊപ്പം ഈ പ്രദേശങ്ങളിലെത്തിയെങ്കിലും വിശ്വാസയോഗ്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. അതേസമയം കുട്ടി ഹൈക്കോടതി കവലയിൽനിന്ന് ബസ് കയറിയതായുള്ള സൂചനകൾ ലഭിച്ചു. മുടിമുറിച്ചതുമായി ബന്ധപ്പെട്ടുണ്ടാക്കിയ കഥയായാണിതെന്നാണ് പോലീസ് കരുതുന്നത്. ഇതോടെ പോലീസ് അന്വേഷണം അവസാനിപ്പിച്ചു.