പയ്യന്നൂർ: കോവിഡിന്റെ വ്യാപനവും ലോക്ഡൗണും പലര്‍ക്കും യാതനകളുടെയും വീര്പ്പുമുട്ടലുകളുടെതുമാണെങ്കില് കുഞ്ഞിമംഗലം കൊയപ്പാറയിലെ വ്യാപാരി നരിക്കോടന്‍ ഫാറൂഖിന്റെ ലോക്ഡൗണ്‍ ഓര്‍മ്മകള്‍ക്ക് തിളക്കമേറെയാണ്.
തറവാട്ടുവീടിന്റെ മച്ചിന്‍പുറത്ത് പൂര്‍വികര്‍ കരുതി വച്ചിരുന്ന കരവിരുതുകളുടെ മേനിയഴകുള്ള പുരാവസ്തുക്കള്‍ പുതുതലമുറയ്ക്ക് കൗതുക കാഴ്ചയാകാന് അവസരമൊരുക്കിയതിലൂടെയാണ് ഈ ലോക്ഡൗണ്‍ കാലം ഫാറൂഖ് അനുഗ്രഹകാലമാക്കി മാറ്റിയത്.
കടകമ്പോളങ്ങള്‍ അടഞ്ഞപ്പോഴുള്ള വിരസതയകറ്റാന്‍ ശുചീകരണത്തിനായി മച്ചിന്‍പുറത്ത് കയറിയപ്പോഴാണ് നൂറ്റാണ്ടുകളുടെ പഴക്കത്തിന്റെ ക്ലാവുപിടിച്ച വീട്ടുപകരണങ്ങള്‍ കണ്ണില്പെട്ടത്.
പണ്ടുകാലത്തെ പ്രൗഢിയുടെ പ്രതീകങ്ങളായി നിലകൊണ്ടിരുന്ന നിലവിളക്ക്, തൂക്കുവിളക്ക്, പിച്ചള പാത്രങ്ങള്‍, കോളാമ്പി, അപ്പച്ചട്ടി, അളവുപാത്രങ്ങള്‍ എന്നിവയായിരുന്നു തട്ടിന്പുറത്തുണ്ടായിരുന്നത്.
ഫാറൂഖിന്റെ പൂര്‍വികരുടെ സമ്പാദ്യങ്ങളായ ഇവയിലെ കരവിരുതുകള്‍ കണ്ടപ്പോള്‍ വീണ്ടും മച്ചിന്‍പുറത്ത് പൊടിപിടിച്ച് കിടക്കേണ്ടതല്ല ഇവയെന്ന തോന്നലിലാണ് താഴെയിറക്കിയത്.
അതിലൊരു തൂക്കുവിളക്ക് തേച്ചുമിനുക്കിയെടുത്തപ്പോഴുണ്ടായ പഴമയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കമാണ് എല്ലാ വസ്തുക്കളും പോളിഷ് ചെയ്തെടുക്കാനുള്ള പ്രേരണയുണ്ടായത്.
ചിലത് അറ്റകുറ്റപ്പണികള്‍ ചെയ്തു മനോഹരമാക്കി. ഇങ്ങിനെയാണ് സ്വന്തം കടയെ പ്രദര്‍ശന വേദിയാക്കിയതും അതിലൂടെ ഫാറൂഖിന്റെ കോവിഡ്കാലം നിറമുള്ളതാക്കി മാറ്റിയതും.