കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി നടന്നുപോകുകയായിരുന്ന ആളെ തടഞ്ഞുനിർത്തി കൊള്ളയടിച്ച ഇതര സംസ്ഥാനക്കാരെ നാട്ടുകാരും പോലീസും ചേർന്ന് പീടികൂടി. ഒഡീഷ സ്വദേശി മജീർ നായിക്കി (35) നെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം.
കോഴിക്കോട് അഴിയൂർ സ്വദേശി ജെ.കെ. സനീർ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി ഇറങ്ങി നടന്നുപോകവെ സ്റ്റേഷന്റെ കിഴക്കുഭാഗത്ത് ഇരുട്ടിൽ പതുങ്ങിയിരിക്കുകയായിരുന്ന മജീർ നായിക്ക് ചാടിവീഴുകയായിരുന്നു. ഭയന്ന് ഓടിയ സനീറിനെ പിൻതുടർന്ന് തടഞ്ഞുനിർത്തി പോക്കറ്റിലുണ്ടായിരുന്ന പഴ്സിൽ നിന്നും 200 രൂപ കൊള്ളയടിച്ചു.
തുടർന്ന് ബഹളം വച്ചപ്പോൾ നാട്ടുകാരും റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരും ചേർന്ന് മജീർ നായിക്കിനെ പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടുപ്രതികൾ ഓടിരക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. ടൗൺ പോലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ എസ്ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ചോദ്യം ചെയ്തുവരുന്നു.