തിരുവല്ല: സ്വകാര്യ മണി എക്സ്ചേഞ്ച് സ്ഥാപനത്തില്‍ തട്ടിപ്പിനു ശ്രമിച്ചതിന് പിടിയിലായ വിദേശപൗരന്റെ കൈവശമുള്ള പാസ്പോര്‍ട്ട് വ്യാജമെന്ന് പോലീസ്. ഇറാന് പൗരനെന്ന പേരിലാണ് ഇയാള്‍ പാസ്പോര്‍ട്ടുമായി നടന്നിരുന്നത്.
സൊറാദ് ഘോലിപോള് വെള്ളിയാഴ്ചയാണ് തിരുവല്ലയില്‍ അറസ്റ്റിലായത്. ഇയാളെ ഇന്നലെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പാസ്പോര്‍ട്ട് വ്യാജമാണെന്നും രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ തട്ടിപ്പു നടത്തിയിട്ടുള്ളതായും വ്യക്തമായെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ പറഞ്ഞു. ഇയാള്‍ ഇറാനിയല്ലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. അറബി ഭാഷ തന്നെ വശമില്ല. അഫ്ഗാനിസ്ഥാന്കാരനാണോയെന്നു സംശയമുണ്ട്.
തിരുവല്ലയിലെ മണി എക്സ്ചേഞ്ച് സ്ഥാപനമായ അഹല്യമണിയില് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് എത്തിയ ഇയാളെ ജീവനക്കാരുടെ അവസോരചിതമായ ഇടപെടലില്‍ കുടുക്കുകയായിരുന്നു.
1000 യുഎസ് ഡോളര്‍ മാറി നല്‍കണമെന്നാവശ്യപ്പെട്ടാണ് സ്ഥാപനത്തില്‍ വന്നത്. 50 യുഎസ് ഡോളറും 50 ഡോളറിന്റെ ഇന്ത്യന്‍ കറന്‍സിയുമാണ് ഇയാള്‍ ആവശ്യപ്പെട്ടത്. ഇതിനിടെ കുറച്ചു പണം ദിര്‍ഹമാക്കി നല്‍കുമോയെന്നും ചോദിച്ചു. അവിടെനിന്ന് ദിര്‍ഹത്തിന്റെ ഒരു കെട്ട് വാങ്ങി ഇയാള്‍ പരിശോധിക്കാനും തുടങ്ങി.
ദിര്‍ഹം എണ്ണുന്നതിലെ പ്രത്യേകത തോന്നി സ്ഥാപന ജീവനക്കാര്‍ ഇയാളെ തടഞ്ഞുവച്ചു. തിരുവല്ല എസ്ഐ സലിമിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി പേഴ്സ് പരിശോധിച്ചപ്പോഴാണ് നിരോധിച്ച 1000 ന്റെയും 500 ന്റെയും ഓരോ നോട്ട് കണ്ടത്.
കൂടാതെ 2820 രൂപയും നൂറിന്റെ ഒന്നും ഒന്നിന്റെ 84 ഉം യുഎസ് ഡോളറും പഴ്സില്‍ ഉണ്ടായിരുന്നു.
ഇറാനിയന്‍ പാസ്പോര്‍ട്ടും ഇറാനിയന്‍ ഇന്റര്‍നാഷണൽ ഡ്രൈവിംഗ് ലൈസന്‍സും ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. കൈവശം ബാഗോ മൊബൈല്‍ ഫോണോ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞു സ്ഥലത്തു വന്ന റോ, ഐബി ഉദ്യോഗസ്ഥര്‍ക്ക് ഇയാളെ കണ്ട് സംശയം തോന്നി.
കൈവശമുള്ള രേഖകള്‍ പരിശോധിച്ചതില്‍ സൊറാദ് 2018 ജൂലൈ 31 ന് പത്തനംതിട്ടയിലെ റോയല്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പില്‍ നിന്നും ഉടമയെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്തുവെന്ന് വ്യക്തമായി.
മാര്‍ച്ച് നാലിന് ഡല്‍ഹിയില്‍ സന്ദര്‍ശക വീസയില്‍ എത്തിയെന്നാണ് ഇയാള്‍ പറഞ്ഞത്. അവിടെനിന്നും മുംബൈയിലും ബംഗളൂരുവിലും എത്തി.
ബംഗളുരുവില്‍ നിന്നും കാറിലാണ് തിരുവല്ലയില്‍ എത്തിയെന്നുമാണ് പറഞ്ഞത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ആദ്യം ടാക്സി കാറിലാണ് എത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കാറുള്ള വിവരം പറഞ്ഞത്.
കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മൊഴിയില്‍ വൈരുധ്യം കണ്ടതിനെ തുടര്‍ന്നാണ് റോ, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയത്. രണ്ടു വര്‍ഷം മുമ്പ് തട്ടിപ്പിന് ഇരയായ പത്തനംതിട്ട റോയല്‍ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമ ഷെറിന് ഷായെ വിളിച്ചു വരുത്തി. തന്റെ കൈയില്‍ നിന്നും പണം തട്ടിയത് ഇയാള്‍ തന്നെയാണെന്ന് ഷെറിന് തിരിച്ചറിയുകയും ചെയ്തു.