നെടുങ്കണ്ടം: പതിനൊന്നു വയസുകാരനു ചികിത്സാസഹായം എത്തിക്കാനെന്ന പേരിൽ കേരളത്തിൽ വ്യാപകമായി കരോക്കെ ഗാനമേള നടത്തി തട്ടിപ്പു നടത്തി വന്നിരുന്ന സംഘം രണ്ടു വർഷമായി പിരിവു നടത്തിയിരുന്നതായി സൂചന. നെടുങ്കണ്ടത്തു പിടിയിലായ സംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ഈ സൂചന ലഭിച്ചത്. നാട്ടുകാർ പോലീസിൽ അറിയിച്ചതോടെയാണു സംഘം കുടുങ്ങിയത്. സംഘത്തിലെ പ്രധാനി റാന്നി ഈട്ടിച്ചോട് മുക്കരണത്തിൽ വീട്ടിൽ സാംസണ് സാമുവലിനെ (59) ആണ് നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തത്.
സാംസണ് തട്ടിപ്പിന്റെ സൂത്രധാരനാണെന്നും രണ്ടു വർഷമായി ഇയാൾ തട്ടിപ്പു നടത്തിവരികയായിരുന്നു എന്നും പോലീസ് പറഞ്ഞു. 2014ൽ രജിസ്റ്റർ ചെയ്ത മുക്കരണത്ത് കാരുണ്യാ ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിലാണ് തട്ടിപ്പെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. ഗാനമേളസംഘത്തെ പിടികൂടിയ പോലീസ് സാംസണെയും കുട്ടിയുടെ മാതാപിതാക്കളെയും സ്റ്റേഷനിൽ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. തട്ടിപ്പുസംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഇവരെ പോലീസ് തെരയുന്നുണ്ട്.
മണിമല സ്വദേശികളായ കൈത്തുങ്കൽ ജോയി, ചാരുവേലിൽ പുക്കനാംപൊയ്കയിൽ സുകുമാരൻ എന്നിവരെയാണ് കഴിഞ്ഞ ദിവസം നാട്ടുകാർ പോലീസിൽ ഏൽപ്പിച്ചത്. വൈകല്യം ബാധിച്ച പത്തനാപുരം സ്വദേശിയായ പതിനൊന്നു വയസുകാരനു ചികിത്സാസഹായം നൽകുന്നതിനെന്ന വ്യാജേനയാണു കരോക്കെ ഗാനമേള നടത്തി നാട്ടുകാരിൽനിന്നു പണം പിരിക്കുന്നത്. കഴിഞ്ഞ രണ്ടിനാണു സംഘം പത്തനാപുരത്തുനിന്നു പുറപ്പെട്ടത്.
കുട്ടിക്കാനം – കട്ടപ്പന റൂട്ടിൽ പിരിവ് നടത്തിയാണു സംഘം നെടുങ്കണ്ടത്ത് എത്തിയത്. നെടുങ്കണ്ടത്തെത്തിയ സംഘത്തിന്റെ വാഹനത്തിൽ പതിച്ചിരിക്കുന്ന ഫ്ളക്സിൽ നൽകിയിരിക്കുന്ന നന്പരിൽ നാട്ടുകാരിൽ ചിലർ വിളിച്ചതോടെയാണ് തട്ടിപ്പു വിവരം പുറത്തായത്. കുട്ടിക്കു ചികിത്സയ്ക്കാവശ്യമായ പണം നൽകാമെന്ന വ്യവസ്ഥയിൽ രക്ഷിതാവിന്റെ പേരിൽ അക്കൗണ്ട് എടുപ്പിച്ചാണ് തട്ടിപ്പു നടത്തിയതെന്നാണു പോലീസ് നൽകുന്ന വിവരം.
കുട്ടിയുടെ അച്ഛനെ പോലീസ് വിളിച്ചപ്പോൾ രണ്ടാഴ്ച മുൻപ് സാംസണ് 21,000 രൂപ നൽകിയിരുന്നതായി പറഞ്ഞു. ഇതിനു ശേഷം പണമൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രം ഹൈറേഞ്ച് മേഖലയിൽനിന്നു 13,000 രൂപയോളമാണ് ഇവർ പിരിച്ചത്. പിരിച്ചെടുത്ത പണം നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവർ ഉപയോഗിച്ചിരുന്ന വാഹനവും മൈക്ക് സെറ്റും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.വാഹനം പിടിയിലായ ജോയിയുടെ ഉടമസ്ഥതയിലുള്ളതാണ്.