പത്തനംതിട്ട: വിവിധ കമ്പനികളില്‍ ജോലി വാഗ്ദാനം നല്കി തട്ടിപ്പ് നടത്തിയ പരാതിയിൽ ഏജന്‍സി ഉടമയിലൊരാളായ തൊടുപുഴ വേലിയം സ്വദേശി ആര്. രാധാകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെ പത്തനംതിട്ട മര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടത്തിയ ജോബ് ഫെയറിന്റെ മറവിലായിരുന്നു തട്ടിപ്പ്. 23 ഓളം കമ്പനികളില്‍ വിവിധ തസ്തികളിലേക്ക് ജോലി വാഗ്ദാനം നല്കി ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു വരുത്തുകയായിരുന്നു.
രജിസ്ട്രേഷന് ഫീസ് ഇനത്തില്‍ നൂറിലധികം ഉദ്യോഗാര്‍ഥികളില്‍ നിന്ന് 200 രൂപയും വാങ്ങിയിരുന്നു. മുമ്പ് ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ രാധാകൃഷ്ണന് ജോബ് ഫെയര്‍ നടത്തിപ്പിന്റെ മറവില്‍ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിരുന്നു. ഇവിടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജോലി ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.
തൊടുപുഴയിലായിരുന്നു അവസാന തട്ടിപ്പ് നടത്തിയത്. സര്‍ക്കാര്‍ ഏജന്‍സികളുടെ പേര് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കേരള സ്വീഡ്, നാഷണല്‍ വുമണ്‍ ഹെല്‍ത്ത് മിഷന് എന്നിവയ്ക്ക് കീഴില്‍ സ്വയം തൊഴില്‍ നല്‍കാമെന്നായിരുന്നു വാഗ്ദാനം. കട്ടപ്പന വെള്ളയാംകുടിയില്‍ കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സ്ഥാപനത്തിലേക്ക് ജീവനക്കാരെ ആവശ്യമുണ്ടെന്ന് പ്രചരിപ്പിച്ചായിരുന്നു പ്രധാന തട്ടിപ്പ്.
ഇംഗ്ലീഷ് , ആയുര്‍വേദ മരുന്നുകള്‍ 60 ശതമാനം മുതല്‍ 80 ശതമാനം വരെ വില കുറച്ച് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിനു കേരളത്തിലുടനീളം 2000 ഫാര്‍മസികള്‍ ആരംഭിക്കുന്നെന്നായിരുന്നു സംഘം നല്‍കിയിരുന്ന പ്രചാരണം. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ എന്‍ആര്‍എച്ച്എം, ജന്‍ ഔഷധി എന്നീ പേരുകളോട് സാമ്യമുള്ള സ്ഥാപനവും തുടങ്ങിയിരുന്നു.
എന്നാല്‍ കട്ടപ്പന പോലീസിന്റെ അന്വേഷണത്തില്‍ ആയുര്‍വേദ മരുന്നുകള്‍ സൂക്ഷിക്കാനുള്ള ലൈസന്‍സ് മാത്രമാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. അപേക്ഷയുമായി ജേബ് ഫെയറിലെത്തുന്നവരെ രണ്ട് ഗ്രൂപ്പാക്കി തെരഞ്ഞെടുത്ത ശേഷം ഇയാളുടെ ജോബ് ഫെയറിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നവരായി ജോലിക്ക് നിയമിക്കുകയാണ് പതിവ്. ഇവര്‍ക്ക് ഉയര്‍ന്ന് ശമ്പളത്തില്‍ നല്ല കമ്പനികളില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാളുടെ കമ്പനിയില്‍ ജോലിക്കാരായി നിയമിക്കുന്നത്.
ഇവരിൽ നിന്നും ആദ്യം 200 രൂപയും പിന്നീട് ട്രെയിനിംഗ് നല്കിയ ശേഷം 2100 രൂപ ഈടാക്കുകയും ചെയ്യും. കമ്പനിയില്‍ ചേരുന്നവര്‍ മാസം 12 പേരെ ഇതേ പോലെ ചേര്‍ക്കണം. അവര്‍ 12 പേരെ ഇതേ പോലെ ചേര്‍ത്താല്‍ കമ്മീഷനും നല്ല കമ്പനിയില്‍ അനുയോജ്യമായ ജോലി നല്‍കുകയും ചെയ്യുമെന്നും വാഗ്ദാനം നല്‍കിയിരുന്നു.
ഇയാളുടെ കമ്പനിയുടെ പേരിലുള്ള വിവിധ ഉത്പന്നങ്ങളും വില്പന നടത്താനും ഇന്നലെ ഇവർ പത്തനംതിട്ടയിലെത്തിച്ചിരുന്നു. ഇത്തരത്തില്‍ കബളിക്കപ്പെട്ടവര്‍ ഏറെ ഉണ്ടെങ്കിലും ആരും ഇയാള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം കട്ടപ്പന സ്വദേശിയായ യുവാവ് പോലീസില്‍ പരാതി നല്‍കിയതിനേത്തുടർന്നാണ് കൊല്ലത്ത് നടത്താനിരുന്ന ജോബ് ഫെയര്‍ പത്തനംതിട്ടയിലേക്ക് മാറ്റിയത്.