ചാലക്കുടി: ബംഗളൂരുവിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ മെഡിസിൻ ബിരുദാനന്തര ബിരുദത്തിനു സീറ്റ് വാഗ്ദാനം ചെയ്തു ചാലക്കുടി സ്വദേശിയായ യുവ ഡോക്ടറിൽനിന്നു രണ്ടുകോടി രൂപ തട്ടിയെടുത്ത യുവാവിനെ ചാലക്കുടി സിഐ വി.എസ്. ഷാജുവും സംഘവും ചേർന്ന് അറസ്റ്റുചെയ്ത് റിമാൻഡ് ചെയ്തു.
കാസർഗോഡ് ചെറുവത്തൂർ പടന്ന ആട്രീയം പിവികെ വീട്ടിൽ മുസൈഫ് ഷാൻ മുഹമ്മദ് (23) ആണ് കോടികൾ തട്ടിയെടുത്ത കേസിൽ പിടിയിലായത്. മാഡിവാളയിലുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ റേഡിയോളജി എംഡിക്കു സീറ്റ് വാഗ്ദാനം ചെയ്താണു യുവ ഡോക്ടറിൽനിന്നു കഴിഞ്ഞ ഒക്ടോബർ മുതൽ ഇക്കഴിഞ്ഞ മാർച്ചുവരെ പലപ്പോഴായി നേരിട്ടും ബാങ്കുവഴിയും രണ്ടുകോടി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്.
പിന്നീട് ബംഗളൂരുവിലെ മെഡിക്കൽ കോളജിൽ കൂട്ടിക്കൊണ്ടുപോയി മറ്റൊരാളെ ഡയറക്ടർ ബോർഡ് അംഗമെന്നു പരിചയപ്പെടുത്തുകയും അഡ്മിഷൻ ഫീസായി 20 ലക്ഷം രൂപകൂടി ആവശ്യപ്പെടുകയും ചെയ്തതോടെയാണു ചതി മനസിലായത്. തുടർന്നു കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോൾ ബാംഗളൂരുവിൽ സീറ്റില്ലെന്നും പകരം പൂനെയിൽ സീറ്റു തരപ്പെടുത്തിക്കൊടുക്കാമെന്നും ഷാൻ മുഹമ്മദ് പറഞ്ഞു.
ഡോക്ടറുടെ ഒറിജിനൽ എംബിബിഎസ് സർട്ടിഫിക്കറ്റുകൾ നശിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണു പോലീസിൽ പരാതിപ്പെട്ടത്. അന്വേഷണത്തിൽ ഇയാൾ ബംഗളൂരു മത്തിക്കരെയിൽ സീക്കേഴ്സ് ഗ്ലോബൽ എന്ന എഡ്യുക്കേഷൻ കണ്സൾട്ടൻസി നടത്തിവരികയാണെന്നു കണ്ടെത്തി. തുടർന്നു പോലീസ് സംഘം ബംഗളൂരുവിലെത്തിയപ്പോൾ ഇയാൾ കാസർഗോട്ടേക്കു കടക്കുകയായിരുന്നു. ചാലക്കുടി ഡിവൈഎസ്പി സി.എസ്. ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണു ഷാൻ അറസ്റ്റിലായത്.