തൊടുപുഴ: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. 2, 80,000 രൂപ തട്ടിയെടുത്ത ശേഷം വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചപ്പോഴാണു പരാതി നൽകിയത്. കാളിയാർ സ്വദേശിയായ യുവാവിന്റെ പരാതിയെത്തുടർന്നു കാളിയാർ പോലീസ് തൃശൂർ സ്വദേശി ടോണി (27)യെ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് നാലോടെ തൊടുപുഴ കെഎസ്ആർടിസി സ്റ്റാന്‍ഡിനു സമീപത്തുനിന്നാണ് എസ്ഐ വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്.
കഴിഞ്ഞ മാസം പൂരം കാണാനായി തൃശൂരെത്തിയപ്പോഴാണു യുവാവ് ടോണിയെ പരിചയപ്പെടുന്നത്. ക്ഷേത്രത്തിനു സമീപം മുറിയെടുത്ത യുവാവുമായി ടോണി സൗഹൃദത്തിലായി. തുടർന്ന് ഇയാൾ യുവാവിന്റെ ഫോണ്‍ കൈക്കലാക്കി. ഇതിനിടയിൽ യുവാവ് ഉറങ്ങിപ്പോയി. പിറ്റേ ദിവസം ഉണർന്നപ്പോൾ യുവാവ് തന്നെ പ്രകൃതിവിരുദ്ധത്തിനായി ഉപയോഗിച്ചെന്നും ഇതു യുവാവിന്റെ വീട്ടുകാരോടു പറയുമെന്നും ടോണി ഭീഷണിപ്പെടുത്തി. പറയാതിരിക്കാനായി പണവും ആവശ്യപ്പെട്ടു. തുടർന്ന് ഭയന്നുപോയ യുവാവ് ആദ്യം 12,000 രൂപയും പിന്നീട് 30,000 രൂപയും ടോണിക്കു നൽകി. അങ്ങനെ പലപ്പോഴായി 2.8 ലക്ഷം രൂപ ടോണി യുവാവിൽനിന്നു തട്ടിയെടുത്തു.
കഴിഞ്ഞ ദിവസം വീണ്ടും ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു ശല്യം ചെയ്തതോടെ യുവാവ് ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്നു ബന്ധുക്കൾ കാളിയാർ പോലീസിൽ പരാതിനൽകി. തുടർന്നു പോലീസിന്റെ നിർദേശാനുസരണം പണം നൽകാമെന്നു പറഞ്ഞു തൊടുപുഴയിലേക്കു യുവാവിനെ വിളിച്ചു വരുത്തി മഫ്തി വേഷത്തിൽ കാത്തുനിന്ന പോലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ വേറെ പലരെയും സമാനരീതിയിൽ തട്ടിപ്പിന് ഇരയാക്കിയതായി സൂചനയുണ്ടെന്നു പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി പോലീസ് സംഘം ഇന്നു തൃശൂരിലേക്കു പോകും.