തൃക്കരിപ്പൂർ: പർദ ധരിച്ചെത്തിയ സംഘം വീട്ടമ്മയെ കത്തികാണിച്ചു ഭീഷണിപ്പെടുത്തി പണം കവർന്നു. ഉടുന്പുന്തല പുനത്തിലിലെ കെ.ആയിഷയുടെ വീട്ടിലാണ് ഇന്നലെ സന്ധ്യയോടെ പർദയണിഞ്ഞെത്തിയ രണ്ടു പേർ 55,000 രൂപ കവർച്ച നടത്തിയത്. സക്കാത്ത് വാങ്ങാൻ എത്തിയവരാണന്നും ബാത്ത്റൂമിൽ പോകണമെന്നും ആവശ്യപ്പെട്ടാണു വീടിനുള്ളിൽ കയറിയത്.
ഉള്ളിൽ എത്തിയതോടെ ഒരാൾ പ്രധാന വാതിൽ അകത്തു നിന്നടച്ചു പൂട്ടുകയും മറ്റേയാൾ കത്തികാണിച്ചു പണവും സ്വർണവും ആവശ്യപ്പെടുകയുമായിരുന്നു. ആയിഷ മാത്രമാണു വീട്ടിലുണ്ടായിരുന്നത്. അടുത്ത മാസം ആറിനു നടക്കുന്ന മകന്റെ വിവാഹത്തിനു കരുതിവച്ച തുകയാണ് സംഘം തട്ടിയെടുത്തത്. കവർച്ചയ്ക്കു ശേഷം ആയിഷ ബഹളംവച്ചതിനെതുടർന്നു പരിസരവാസികളെത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചന്തേര എസ്ഐ കെ.വി.ഉമേശന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം തുടങ്ങി.