കടുത്തുരുത്തി: 88 കാരിയായ വയോധികയുടെ ബാങ്കിൽ കിടന്ന പണം കൊച്ചുമക്കൾ എടിഎം കാർഡ് ഉപയോഗിച്ചു തട്ടിയെടുത്തതായി പരാതി.
കാട്ടാന്പാക്ക് സ്വദേശിയായ വയോധികയാണ് ഇതുസംബന്ധിച്ചു കടുത്തുരുത്തി പോലീസിൽ പരാതി നൽകിയത്. 14 വർഷങ്ങൾക്ക് മുന്പു ഭർത്താവ് മരിച്ചതിനെത്തുടർന്ന് വയോധിക തനിച്ചാണ് താമസം. ഒന്പത് മക്കൾ ഉണ്ടെങ്കിലും ആരും തന്നെ നോക്കുന്നില്ലെന്നും വയോധിക പറയുന്നു. ഉണ്ടായിരുന്ന സ്ഥലം മക്കൾക്കെല്ലാം വീതം വച്ചു നൽകി. തുടർന്ന് സ്വന്തമായുള്ള നാല് സെന്റ് സ്ഥലത്താണ് വൃദ്ധ താമസിക്കുന്നത്.
മകനു വീട് വയ്ക്കുന്നതിനായി സ്ഥലം ചോദിച്ചതിനെ തുടർന്ന് വയോധിക തനിക്ക് ഉണ്ടായിരുന്നതിൽ നിന്നും കുറച്ചു സ്ഥലം നൽകിയിരുന്നു. സ്ഥലത്തിന്റെ വകയായി ഒന്നര ലക്ഷം രൂപ ബാങ്കിൽ ഇട്ടു പാസ് ബുക്ക് പതിപ്പിച്ചു വയോധികയ്ക്കു കൈമാറിയിരുന്നതായി പരാതിയിൽ പറയുന്നു.
വയോധികയുടെ മകന്റെ മക്കളായ രണ്ട് യുവതികൾ വിവാഹമോചനം നേടിയവരാണ്. കഴിഞ്ഞദിവസം മരുന്ന് വാങ്ങുന്നതിനായി പണം എടുക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപയും നഷ്ടപ്പെട്ടതായി വയോധിക അറിയുന്നത്.
തുടർന്നു കൊച്ചുമക്കളായ യുവതികൾ തന്റെ എടിഎം കാർഡുപയോഗിച്ചു പണം തട്ടിയെടുത്തതായി വയോധിക പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, അമ്മൂമ്മ പറഞ്ഞിട്ട് വീട് നിർമാണത്തിനായി പണം എടുത്തതാണെന്നാണു യുവതികൾ പറയുന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയാലേ യാഥാർഥ്യം അറിയാൻ കഴിയുവെന്നാണു കടുത്തുരുത്തി എസ്ഐ കെ.കെ. ഷംസു പറയുന്നത്.