കോഴിക്കോട്: സംസ്ഥാനത്തെ വിവിധ മണിഎക്സ്ചേഞ്ച് സ്ഥാപനങ്ങളില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ വിദേശ ദമ്പതികളും മകനും കോഴിക്കോട്ട് അറസ്റ്റില്‍. ദക്ഷിണാഫിക്കയിലെ ജൊഹാനസ്ബര്‍ഗ് സ്വദേശികളായ ഗുലാം ഹുസൈന്(55), ഭാര്യ ബഗേരി മഞ്ചര്‍(45), മകന് ബറോമണ്ട് സഡേഹ് മുഹമ്മദ്(20) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് മാവൂര്‍ റോഡിലെ മര്‍കസ് കോംപ്ലക്സ് സ്ഥാപനത്തില്‍ നിന്നു സാധനങ്ങള്‍ വാങ്ങി തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെ നടക്കാവ് പോലീസാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്.
വ്യാജ വിദേശകറന്‍സികള്‍ നല്‍കിയും സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശ്രദ്ധ തിരിച്ചുവിട്ടുമാണു മൂവരും ചേര്‍ന്നു മാസങ്ങളായി തട്ടിപ്പു നടത്തിവന്നത്. ഇവര്‍ക്കെതിരേ കോഴിക്കോട് പന്നിയങ്കരയിലും, വയനാട്, തൃശൂര്‍, ഇരിങ്ങാലക്കുട, മലപ്പുറം തുടങ്ങി വിവിധയിടങ്ങളിലെ പോലീസ് സ്റ്റേഷനുകളിലും തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്. പന്നിയങ്കര സ്റ്റേഷന്‍പരിധിയിലെ മണിഎക്സ്ചേഞ്ച് സ്ഥാപനത്തില്‍നിന്ന് 80,000 രൂപയാണു സംഘം തട്ടിയെടുത്തത്.
വിദേശ കറന്‍സികളുടെ വിനിമയ നിരക്ക് അന്വേഷിച്ചെത്തിയാണ് ഇവരുടെ തട്ടിപ്പ്. ഒരാള്‍ ഏതെങ്കിലും വിദേശ കറന്‍സി കാണിച്ചു വിനിമയ നിരക്ക് ചോദിക്കും. ഈ സമയം മറ്റൊരാള്‍ വേറൊരു വിദേശ കറന്‍സി കാണിക്കും. സ്ഥാപന ജീവനക്കാരുടെ ശ്രദ്ധ മാറുമ്പോള്‍ മേശവലിപ്പില്‍ കൈയിട്ട് പണം തട്ടുകയാണ് ഇവരുടെ രീതി. സംശയം ഉണ്ടാകാത്ത വിധത്തില്‍ അവശത അഭിനയിച്ചു സംഘം തന്ത്രപൂര്‍വം രക്ഷപ്പെടുകയും ചെയ്യും. ബഗേരി മഞ്ചറിന്റെ ഹാന്‍ഡ്ബാഗില്‍നിന്നു 40,000 ഇന്തോനേഷ്യന്‍ രൂപ, 180 യുകെ പൗണ്ട്, 134 അമേരിക്കന്‍ ഡോളര്‍ എന്നിവ കണ്ടെടുത്തു. ഇവയില്‍ ചിലതു വ്യാജമാണെന്നു സംശയിക്കുന്നു.
വയനാട്ടിലടക്കം നടന്ന തട്ടിപ്പുകളെക്കുറിച്ചു മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാന രൂപത്തിലുള്ള ദമ്പതികളും മകനും മര്‍ക്കസ് കോംപ്ലക്സിലെ ആഡംബര ഹോട്ടലില്‍ താമസിക്കുന്നതായി നടക്കാവ് പോലീസിനു വിവരം ലഭിച്ചിരുന്നു. പോലീസ് അന്വേഷണം നടത്തിവരവേയാണ് ഇതേ കോംപ്ലക്സില്‍ തട്ടിപ്പു നടത്തിയതിന് ഇവര്‍ വലയിലായത്. കോടതിയില്‍ ഹാജരാക്കിയ മൂവരേയും 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.