തലശേരി: വർഷങ്ങളായി നാട്ടിലില്ലാത്ത കുടുംബങ്ങളുടെ സ്വത്തുക്കളും കേസിൽ ഉൾപ്പെട്ട സ്വത്തുക്കളും വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കുന്ന വൻ സംഘം ജില്ലാ രജിസ്ട്രാർ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ഈ സംഘത്തിന്റെ ഒത്താശയോടെ 2017 വരെയുള്ള ജില്ലാ രജിസ്ട്രാർ ഓഫീസിലെ വിലപ്പെട്ട രേഖകൾ നശിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്. സർക്കാർ ഓഫീസിലെ രേഖകൾ 20 വർഷം വരെ സൂക്ഷിക്കണമെന്ന നിയമം നിലനിൽക്കെയാണ് രേഖകൾ സൂക്ഷിക്കാൻ സ്ഥലമില്ലെന്നു പറഞ്ഞ്
2017 വരെയുള്ള രേഖകൾ വൻ സ്വാധീനമുപയോഗിച്ച് പ്രത്യേക അനുമതിയോടെ നശിപ്പിച്ചിട്ടുള്ളത്. ജില്ലാ രജിസ്ട്രാറുടെ ആസ്ഥാനമായ തലശേരിയിൽ സവിശേഷ അധികാരമുള്ള സബ് രജിസ്ട്രാറുടെ പ്രത്യേക അധികാരം ഉപയോഗപ്പെടുത്തിയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്വത്തുക്കൾ തട്ടിയെടുത്തിട്ടുള്ളത്.
തലശേരിയിലെ സബ് രജിസ്ട്രാർ ഓഫീസിൽ ജില്ലയിലെ ഏതു സ്ഥലത്തെ സ്വത്തുക്കളും രജിസ്റ്റർ ചെയ്യാനുള്ള പ്രത്യേക അധികാരമുണ്ട്. ഇത്തരത്തിൽ രജിസ്ട്രേഷന് എത്തുന്ന സ്വത്തുക്കൾ സംബന്ധിച്ച രേഖകൾ അതത് സബ് രജിസ്ട്രാർ ഓഫീസിൽ വേരിഫിക്കേഷന് അയയ്ക്കണമെന്നാണ് നിയമം.
ഇത് സംബന്ധിച്ച രേഖകൾ ഉൾപ്പെടെയാണ് ജില്ലാ രജിസ്ട്രാർ ഓഫീസിൽ നശിപ്പിച്ചിട്ടുള്ളത്.
വിലപ്പെട്ട തെളിവുകൾ
കൊളശേരി, ധർമ്മടം, ഇരിക്കൂർ എന്നീ പ്രദേശങ്ങളിലെ സ്ഥലങ്ങൾ വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതികളിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്ത തലശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടുളളത്.
വിരമിച്ച രജിസ്ട്രേഷൻ ഐ ജിയും സബ് രജിസ്ട്രാറായി വിരമിച്ച ശേഷം ആധാരമെഴുത്ത് ജോലിയിൽ ഏർപ്പെട്ടിട്ടുള്ള രണ്ട് പേരും പ്രമുഖ ആധാരമെഴുത്തുകാരനുമുൾപ്പെടെയുള്ള സംഘത്തിനെതിരേ വിലപ്പെട്ട തെളിവുകളാണ് പോലീസിന് ലഭിച്ചിട്ടുളളത്.