കണ്ണൂർ: ബാങ്ക് മാനേജർ ചമഞ്ഞ് കണ്ണൂരിലെ കോളജ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒന്പത് ലക്ഷം രൂപ കവർച്ച നടത്തിയ കേസിലെ മുഖ്യപ്രതിയായ യുപി സ്വദേശി അറസ്റ്റിൽ.
ഉത്തർപ്രദേശ് മിർസാപൂർ സ്വദേശി പ്രവീൺകുമാർ സിംഗി (30) നെയാണ് ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നിർദേശപ്രകാരം കണ്ണൂർ പോലീസ് ഇൻസ്പെക്ടർ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്ഐ സജീവൻ, സിപിഒ സന്തോഷ് ചേലേരി, സജിത്ത് നാറാത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ബംഗാൾ, ജാർഖണ്ഡ് സ്വദേശികളായ രണ്ടുപേരും യുപി സ്വദേശികളായ രണ്ടുപേരും സംഘത്തിലുണ്ട്.2019 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. ജില്ലയിലെ ഒരു കോളജ് അധ്യാപികയെ വിദഗ്ധമായി കബളിപ്പിച്ച് പണം തട്ടുകയായിരുന്നു.
ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജരാണെന്നു പറഞ്ഞാണ് ഉത്തർപ്രദേശ് സ്വദേശി പ്രവീൺകുമാർ സിംഗ് അധ്യാപികയെ ഫോൺ വിളിച്ചത്. എടിഎം കാർഡുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടെന്നും അതു പരിഹരിച്ചില്ലെങ്കിൽ എടിഎം മെഷീൻ വഴി പണം പിൻവലിക്കാൻ സാധിക്കില്ലെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
തുടർന്ന് അധ്യാപിക എടിഎം നന്പറും പാസ്വേഡും ഒടിപി നന്പറും പ്രവീൺകുമാർ സിംഗിന് കൈമാറുകയായിരുന്നു. ഇതുപയോഗിച്ചാണ് അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒന്പത് ലക്ഷം രൂപ കവർന്നത്.
തട്ടിപ്പ് മനസിലാക്കിയ അധ്യാപിക പിന്നീട് ടൗൺ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
ഇതിനിടയിൽ പ്രതി കണ്ണൂരിൽനിന്ന് മുങ്ങി സ്വദേശമായ ഉത്തർപ്രദേശിലെത്തി. ഇതു മനസിലാക്കിയ പോലീസ് സംഘം യുപിയിലേക്ക് പുറപ്പെട്ടു. കവർച്ച ചെയ്ത പണം ഉപയോഗിച്ച് മിർസാപുരിൽ ആഡംബര ജീവിതം നയിക്കുകയായിരുന്ന പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
ഉത്തർപ്രദേശിൽനിന്ന് വിമാനമാർഗം കരിപ്പൂരിലെത്തിച്ച പ്രതിയെ റോഡ് മാർഗം കണ്ണൂരിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.