ചിങ്ങവനം: വൈദികൻ ചമഞ്ഞു ലക്ഷക്കണക്കിനു രൂപ നാട്ടിലും വിദേശ മലയാളികളിൽനിന്നും തട്ടിയെടുത്തെന്നു യുവാവിനെതിരേ പരാതിയുമായി പ്രവാസി മലയാളി. വിയന്നയിൽ താമസിക്കുന്ന സജി ജേക്കബ് എന്ന പ്രവാസി മലയാളി കോട്ടയം പോലീസ് ചീഫിന് ഇതു സംബന്ധിച്ചു പരാതി നൽകിയതോടെയാണ് തട്ടിപ്പിന്റെ വിവരം പുറം ലോകം അറിയുന്നത്.
കബളിപ്പിക്കപ്പെട്ട വ്യക്തിയുടെ പരാതി ഇതിനോടകം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. വാകത്താനം, ചിങ്ങവനം സ്വദേശിയെന്നു പറയുന്ന പ്രതിക്കെതിരേ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടു പോലുമില്ല.
വ്യാജപേരിൽ
ബനഡിക്ടൻ സഭയിലെ വൈദികനായ ലൂർദ് സ്വാമി എന്നു പരിചയപ്പെടുത്തിയാണ് ഇയാൾ വൈദികരെയും സന്യാസിനികളെയും പ്രവാസി മലയാളികളെയും വലയിൽ വീഴ്ത്തി പണം തട്ടിയെടുക്കുന്നത്. ഇന്ത്യയിൽനിന്നും ഓസ്ട്രേലിയ, അമേരിക്ക, സ്വിറ്റസർലൻഡ് തുടങ്ങി രാജ്യങ്ങളിൽനിന്നുമായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായാണു വിവരം.
ഒന്നിലേറെ പേർ പരാതികളുമായി രംഗത്തുവന്നിട്ടുണ്ട്. കബളിപ്പിക്കലിന് ഇരയായിട്ടും പരാതി നൽകാത്തവരുമുണ്ട്. കോളജ് അധ്യാപകരെ അടക്കം ഇയാൾ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചനകൾ പുറത്തുവരുന്നത്.
ഭക്തി മറയാക്കി
ആദ്യം പ്രാർഥനയുടെയും മറ്റും കാര്യങ്ങൾ പറഞ്ഞ് ആളുകളുടെ പ്രീതി നേടിയെടുക്കുകയാണ് ഇയാളുടെ രീതി.വിശ്വാസികളുമായി നിരന്തരം ആത്മീയ കാര്യങ്ങൾ സംസാരിച്ചിരുന്ന ഇയാൾ ദിവസത്തിൽ 18 മണിക്കൂർ ആരാധനയിൽ മുഴുകിയിരിക്കുന്ന സന്യാസിയാണെന്നും വിശ്വസിപ്പിച്ചിരുന്നു. ആദ്യം പണമോ സഹായമോ ആവശ്യപ്പെടില്ല.
ഇരകൾ തന്നെ വിശ്വസിക്കാൻ തുടങ്ങിയെന്നു തോന്നുന്പോഴാണ് തന്ത്രം ഇറക്കുന്നത്. ഉത്തരാഖണ്ഡിലെ ബനഡിക്ടൻ ആശ്രമത്തിലാണ് താൻ ഉള്ളതെന്നും ഇവിടെ താനടക്കമുള്ള ആശ്രമവാസികൾ ആഹാരത്തിനു പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും പറയും. താൻ ഗുരുതരമായ രോഗത്തിനടിമയാണെന്നും വിശ്വസിപ്പിക്കും. ഇതൊക്കെ വിശ്വസിച്ചവരാണ് പണം അയച്ചുകൊടുത്തത്.
അക്കൗണ്ട് വാകത്താനത്ത്
ഉത്തരാഖണ്ഡിലാണെന്നാണ് പറയുന്നതെങ്കിലും കോട്ടയം വാകത്താനം ഫെഡറൽ ബാങ്കിലെ രാജേഷ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് ഇയാൾ പണം അയപ്പിച്ചിരുന്നത്.ഇതിനെക്കുറിച്ചു ചിലർ സംശയം പ്രകടിപ്പിച്ചപ്പോൾ രാജേഷ് ഞങ്ങളുടെസമൂഹത്തിലെ ബ്രദർ ആണെന്നും അദ്ദേഹത്തിന്റെ അക്കൗണ്ടാണ് ഞങ്ങൾ ഉപയോഗിക്കുന്നതെന്നുമായിരുന്നു മറുപടി.
പണം കൊടുത്തിരുന്ന ചിലർ ലൂർദ് സ്വാമിയോടു വീഡിയോ കോളിൽ വരാൻ പലതവണ ആവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറിയതോടെയാണ് സംശയം തോന്നിയത്. ബാങ്കിൽ അന്വേഷിച്ചപ്പോൾ ലൂർദ് സ്വാമിയും ബ്രദർ രാജേഷും ഒന്നായിരിക്കാമെന്ന സംശയം അവരും പ്രകടിപ്പിച്ചു.
കാരണം, അക്കൗണ്ടിൽ വരുന്ന പണം അപ്പോൾത്തന്നെ എടിഎം വഴി പിൻവലിച്ചിരുന്നു.കുടുംബ വിശുദ്ധീകരണം, ഗ്രിഗോറിയൻ കുർബാന, നിത്യാരാധന കേന്ദ്ര നടത്തിപ്പ്, കാസയും പീലാസയും വാങ്ങിക്കൽ തുടങ്ങി ഭക്തകാര്യങ്ങൾ പറഞ്ഞാണ് ഇയാൾ കൂടുതലും പണം വാങ്ങിയിരുന്നത്.
വൈദിക വേഷം ധരിച്ചു കോണ്വെന്റുകളിൽ എത്തി പണം തട്ടിയെടുത്തതായും സൂചനയുണ്ട്. ഇയാൾക്കു പിന്നിൽ മറ്റാളുകൾ ഉണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.