തലശേരി: തിരുവനന്തപുരത്ത് അറസ്റ്റിലായ വ്യാജവനിതാ ഡോക്ടർ തലശേരിയിൽ ചികിത്സിച്ചത് ആയിരത്തോളംപേരെ. തലശേരി ഒ.വി റോഡിലെ കീർത്തി ഹോസ്പിറ്റൽ കേന്ദ്രീകരിച്ചാണ് ഇവർ ചികിത്സ നടത്തിയത്.
വൈദ്യ ഫിയ റാവുത്തർ എന്ന പേരിൽ നവമാധ്യമങ്ങളിലൂടെ വൻ പ്രചരണം നടത്തി സ്ത്രീകളുൾപ്പെടെ നിരവധി പേരെ കേരളത്തിലെ വിവിധ ജില്ലകളിൽ ചികിത്സിച്ച പെരിങ്ങമല വില്ലേജിൽ ഡീസന്റ് മുക്ക് ജംഗ്ഷനു സമീപം ഹിസാന മൻസിലിൽ ആരിഫാ ബീവിയുടെ മകൾ സോഫി മോളെ( 43 ) യാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
തലശേരി കീർത്തി ആശുപത്രിയിൽ ഇവർ മാറാ രോഗികളെ ചികിത്സിക്കുന്നതിനിടയിൽ പോലീസ് രഹസ്യാന്വഷണ വിഭാഗം അന്വേഷണം നടത്തുകയും ഇവർ വ്യാജ ഡോക്ടറാണെന്ന സംശയം ചൂണ്ടിക്കാണിച്ച് ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു.
ഇവരുടെ ചികിത്സയെ തുടർന്ന് മാറാ രോഗം മാറിയതായി നവ മാധ്യമങ്ങളിലൂടെ നടന്ന പ്രചരണത്തത്തുടർന്നു നിരവധി പേർ കീർത്തി ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. അലോപ്പതിയും ആയുർവേദവും ഹോമിയോപ്പതിയും ചേർത്തായിരുന്നു ഇവരുടെ ചികിത്സ രീതികൾ.
മാറാരോഗ ചികിത്സ
വ്യാജ ഡോക്ടർ അറസ്റ്റിലായതോടെ തലശേരിയിൽ ചികിത്സ തേടിയ നൂറു കണക്കിന് രോഗികൾ ആശങ്കയിലായിരിക്കുകയാണ്. മാറാരോഗികളെ ചികിത്സിക്കുന്ന ഇവർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ച് സോഷ്യൽ മീഡിയ വഴിയും മറ്റും മാറാരോഗങ്ങൾ മാറ്റുമെന്ന് പരസ്യം നൽകി മതിയായ യോഗ്യതകളില്ലാതെ ചികിത്സ നടത്തിയതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
പെരിങ്ങമല സ്വദേശിയായ ഇവർ വർഷങ്ങളായി കാസർഗോഡ് ജില്ലയിൽ നീലേശ്വരം , മടിക്കൈ, എരിക്കുളം, കാഞ്ഞിരംവിള പ്രദേശങ്ങളിൽ താമസിച്ചു ചികിസ നടത്തിയിരുന്നതായും പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ആദ്യം ഭർത്താവുമൊപ്പം
ആദ്യ ഭർത്താവുമൊത്തായിരുന്നു ആദ്യ കാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ ചികിൽസ നടത്തിയിരുന്നത്. ഇപ്പോൾ ഭർത്താവുമായി പിണങ്ങിയതിനെ തുടർന്ന് സ്വന്തമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സ നടത്തിവരവെയാണ് അറസ്റ്റിലായത്.
സോഫിയ റാവുത്തർ എന്ന പേരിലും വൈദ്യ ഫിയ റാവുത്തർ എന്ന ഫേസ് ബുക്ക് അക്കൗണ്ട് മുഖേനയും ആണ് ഇവർ ചികിത്സക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.
ആൾട്ടർനേറ്റീവ് മെഡിസിൻ സിസ്റ്റം പ്രാക്ടീസ് ചെയ്യുന്നതിനുള്ള തമിഴ്നാട്ടിലെ ഒരു സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഇന്ത്യൻ മാരറ്റൈൻ ആർട്ട്സ് അക്കാദമിയുടെ കളരിമർമ ഗുരുകുലത്തിന്റെ ഒരു സർട്ടിഫിക്കറ്റ് എന്നിവ ഉപയോഗിച്ചുമാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുളള ഇവർ സർജിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് പഴക്കമുള്ള മുറിവുകളും മറ്റും ചികിത്സിച്ചിരുന്നതെന്നും പോലീസ് അന്വഷണത്തിൽ കണ്ടെത്തി.ചികിത്സയ്ക്കായി ആളുകളിൽ നിന്ന് അമിതമായി ഫീസും ഈടാക്കിയിരുന്നു.
വ്യാജ ഐഡി കാർഡും
ഡോ. സോഫി മോൾ എന്ന പേരിലുള്ള ഐഡി കാർഡും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വടക്കൻ കേരളത്തിലെ പല സ്ഥാപനങ്ങളിലും ഇവർ ജോലി ചെയ്ത് ചികിത്സ നൽകിയിട്ടുണ്ട് .
മടത്തറയിലുളള സ്ഥാപനത്തിൽ ചികിത്സ നടത്തുന്നതായ പരസ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പോലിസ് മേധാവി പി.കെ മധുവിന്റെ നിർദേശപ്രകാരം നെടുമങ്ങാട് ഡിവൈഎസ്പി ഉമേഷിന്റെ മേൽനോട്ടത്തിൽ പാലോട് സർക്കിൾ ഇൻസ്പെക്ടർ സി.കെ.മനോജ് , എസ് ഐ ഇർഷാദ്, റൂറൽ ഷാഡോ ടീമിലെ എസ് ഐ ഷിബു , എ എസ് ഐമാരായ സജു , അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജേഷ്, പ്രശാന്ത്, സുനിത, നസീഹത്ത് എന്നിവരടങ്ങിയ സംഘമാണ് രണ്ട് ദിവസം നീരീക്ഷണം നടത്തി പ്രതിയെ പിടികൂടിയത്.പ്രതിയെ നെടുമങ്ങാട് ഫോറസ്റ്റ് കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.