പയ്യന്നൂര്‍: മാസ്ക് കച്ചവടമുറപ്പിച്ച് 4.5 ലക്ഷത്തിന്റെ വഞ്ചന നടത്തിയ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇയാളുടെ പേരില്‍ പത്തോളം അക്കൗണ്ടുകള്‍ കണ്ടെത്തിയ പോലീസ് ഇരിട്ടിയില്‍ മറ്റൊരു ഭാര്യ കൂടിയുള്ളതായും കണ്ടെത്തി. ഇയാളുടെ തട്ടിപ്പുകള്ക്കിരയായിട്ടുള്ളവര് പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വരുംദിവസങ്ങളില്‍ കേസുകളുടെ എണ്ണം കൂടുമെന്നും പോലീസ്.
വ്യാപാരിയായ പിലാത്തറയിലെ സജീവന്റെ പരാതിയില്‍ കവ്വായിയിലെ എ.ടി.മുഹമ്മദ് നൗഷാദിനെയാണ് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. പരാതിക്കാരന്റെ വീടിനടുത്ത് താമസമാക്കി സൗഹൃദം സ്ഥാപിച്ച് കുറഞ്ഞ തുകയ്ക്ക് മാസ്ക് നലകാമെന്ന് വിശ്വസിപ്പിച്ച് നാലര ലക്ഷംരൂപ പ്രതി കൈപ്പറ്റി വഞ്ചിച്ചുവെന്നായിരുന്നു പരാതി.
പണം കൈക്കലാക്കിയ ശേഷം രാജസ്ഥാന്, ഡല്‍ഹി, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കേരളത്തിലെത്തിയതായുള്ള സൂചനയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കാസര്‍ഗോഡ് നിന്നും പോലീസ് പോലീസ് പിടികൂടിയത്.
ഈ സംഭവത്തില്‍ റിമാൻഡിലായ പ്രതിയുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പുതുതലമുറ ബാങ്കുകളിലായി പത്തോളം അക്കൗണ്ടുകളാണ് ഇയാള്‍ക്കുള്ളതായി പോലീസ് കണ്ടെത്തിയത്.ഇയാളുടെ അക്കൗണ്ടിലെത്തുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു പതിവെന്നും പോലീസ് കണ്ടെത്തി.
വീടുനിര്‍മാണത്തിനായി ഭാര്യയുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ മാറ്റിയതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു.കൂടാതെ ഇരിട്ടിയില്‍ മറ്റൊരു ഭാര്യയുള്ളതായും പോലീസ് കണ്ടെത്തി.ഇയാളുടെ അറസ്റ്റും തുടര്‍ന്ന് കോടതിയില്‍നിന്നും കസ്റ്റഡിയില്‍ വാങ്ങിയുള്ള തെളിവെടുപ്പും നടക്കുന്ന വിവരമറിഞ്ഞ് കൂടുതല്‍ പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.
ഇയാളുടെ തട്ടിപ്പിനിരയായകാസര്ഗോട്ടെ ഒരു ഹോട്ടലുടമയും പെരിന്തല്‍മണ്ണ സ്വദേശിയും അടുത്ത ദിവസം ഇയാള്‍ക്കെതിരെ പരാതി നല്‍കും.പയ്യന്നൂരിലെ പരാതിക്കാസ്പദമായ തട്ടിപ്പിന് ശേഷം മാസ്കിന്റെ ഓണ്‍ലൈന്‍ ബിസിനസിലൂടെ നിരവധിയാള്‍ക്കാരെ വഞ്ചിച്ചതായ വിവരങ്ങളാണ് പുറത്തുവരുന്നത്.
സമാനമായ ബിസിനസിന്റെ പേരില്‍ തിരുവനന്തപുരം സ്വദേശിയില്‍നിന്നും എട്ട് ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ കാട്ടാക്കട പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.ഈ കേസിന്റെ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി നാളെ കാട്ടാക്കട പോലീസെത്തുന്നുണ്ട്.
പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്, പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ കെ.ടി.ബിജിത്ത് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം എസ്ഐ മനോഹരന്,എഎസ്ഐ അബ്ദുള്‍ റൗഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലെ പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.