സ്വന്തം ലേഖകന്‍
കോഴിക്കോട് : മിലിട്ടറി ഉദ്യോഗസ്ഥരുടെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യയിലെ ഏറ്റവും വലിയ ഉപയോഗിച്ച സാധനങ്ങളുടെ ഓണ്‍ലൈന്‍ വിപണിയായ ഒഎല്‍എക്സ് വഴിയുമുള്ള തട്ടിപ്പുകള്‍ കൂടുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് മാറാട് സ്വദേശിയുടെ 25,000 രൂപയാണ് നഷ്ടമായത്.
വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് കൂടുതലും നടക്കുന്നതെന്നാണ് സൈബര്‍ പോലീസ് പറയുന്നത്. മാറാട് സ്വദേശിയുടെ പരാതിയില്‍ കോഴിക്കോട് സൈബര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഝാര്‍ഖണ്ഡ് സംഘമാണ് പിന്നിലുള്ളതെന്നാണ് അറിയാനായത്.
ബൈക്ക് വില്‍പ്പനയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമത്തിലൂടെയാണ് ഇവര്‍ വ്യാജ മിലിട്ടറി ഉദ്യോഗസ്ഥനെ പരിചയപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലായിരുന്നു ജോലിയെന്നും ഇവിടെ നിന്ന് സ്ഥലം മാറിപോകുന്നതിനാലാണ് ബൈക്ക് വില്‍ക്കുന്നതെന്നുമാണ് ഇയാള്‍ അറിയിച്ചത്.
25000 രൂപയായിരുന്നു ബൈക്കിന് വില പറഞ്ഞത്. വിശ്വാസ്യതക്കായി ഇയാള്‍ മിലിറ്ററി യൂണിഫോമിലുള്ള ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും അയച്ചുനല്‍കിയിരുന്നു. കൂടാതെ ഹിന്ദിയിലായിരുന്നു കൂടുതലും സംസാരിച്ചിരുന്നത്. ആര്‍സി ബുക്കും മറ്റ് രേഖകളും ഇയാള്‍ അയച്ചു കൊടുക്കുകയും ചെയ്തു.
ഇതോടെ സൈനിക ഉദ്യോഗസ്ഥനാണെന്ന് ഇവര്‍ വിശ്വസിക്കുകയും ചെയ്തു.ബൈക്ക് വാങ്ങാന്‍ സന്നദ്ധത അറിയിച്ചതോടെ തട്ടിപ്പ് സംഘം 5000 രൂപ അഡ്വാന്‍സ് നല്‍കാനും ആവശ്യപ്പെട്ടു. ഫോണ്‍ പേ മുഖേന പണം അയച്ചുകൊടുത്തു. വീണ്ടും പണമാവശ്യപ്പെട്ടപ്പോള്‍ 20000 രൂപ കൂടി അയച്ചു.
ബൈക്കുമായി പുറപ്പെട്ടെന്നും രാമനാട്ടുകാരയില്‍ എത്തിയെന്നും ഇവര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. 5000 രൂപ കൂടി അക്കൗണ്ടിലേക്ക് അയച്ചു നല്‍കണമെന്നും പണം വീട്ടിലെത്തി ബൈക്ക് കൈമാറുമ്പോള്‍ നല്‍കാമെന്നും പറഞ്ഞു. ഇതോടെ സംശയം തോന്നിയ മാറാട് സ്വദേശി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
സൈബര്‍ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞു. ഫോണ്‍ നമ്പറും മറ്റും പരിശോധിച്ചതില്‍ നിന്ന് ഝാര്‍ഖണ്ഡില്‍ നിന്നാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് കണ്ടെത്തി.
ഉത്തരേന്ത്യ കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുന്ന സംഘം കൂടുതലായുമുള്ളതെന്നും പോലീസ് വ്യക്തമാക്കി. മിലിട്ടറി ഉദ്യോഗസ്ഥരുടെ പേരില്‍ നിരവധി തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും പലരും വ്യാജ ഫോട്ടോയും മറ്റും കണ്ട് ചതിയില്പെടുകയാണെന്നും സൈബര്‍ പോലീസ് അറിയിച്ചു.
ഇത്തരത്തില്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്നും പോലീസ് മുന്നറിയിപ്പ് നല്കി.പരാതി ലഭിച്ചാലും മറ്റ് സംസ്ഥാനങ്ങളില്‍ പോയി അന്വേഷിച്ചാല്‍ കാര്യമായ വിവരങ്ങളൊന്നും ലഭിക്കാറില്ല. താത്കാലികമായി സംഘടിപ്പിക്കുന്ന സിംകാര്‍ഡുകള്‍ ഉപയോഗിച്ചും വ്യാജപ്രൊഫൈലുണ്ടാക്കിയുമാണ് തട്ടിപ്പ് നടത്തുന്നത്.
ഒരു സിംകാര്‍ഡ് കുറഞ്ഞ ദിവസം മാത്രമേ ഉപയോഗിക്കുന്നുള്ളൂ. സിമ്മിനൊപ്പം ഫോണ്‍ കൂടി ഉപേക്ഷിച്ചാല്‍ തട്ടിപ്പ് നടത്തിയവരെ കണ്ടെത്താന്‍ പോലും ഏറെ ബുദ്ധിമുട്ടാണെന്നും പോലീസ് അറിയിച്ചു.