തട്ടിപ്പിന്‍ മറയത്ത്..! ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് ഫോണ്‍; കിട്ടിയത് ലോക്കറ്റും ലോഹത്തകിടും

knr-thakidവടകര: മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ കമ്പനി പണം തട്ടിയതായി പരാതി. വടകര അഴിത്തല ബീച്ചിലെ നൗഷാദാണ് തട്ടിപ്പിന് ഇരയായത്. ഫോണിനു പകരം ലഭിച്ചതാവട്ടെ ലോക്കറ്റും ലോഹത്തകിടും. വിലകൂടിയ ഫോണ്‍ കുറഞ്ഞ വിലക്ക് ലഭിക്കുമെന്ന്ു വിശ്വസിപ്പിച്ചാണ് ഓണ്‍ലൈന്‍ കച്ചവടക്കാര്‍ കബളിപ്പിച്ചത്. 14,000 രൂപ വിലവരുന്ന ഫോണ്‍ 9,000 രൂപക്ക് ലഭിക്കുമെന്നാണ് നൗഷാദിന്റെ ഭാര്യയെ രണ്ടാഴ്ച മുമ്പ് ഫോണില്‍ അറിയിച്ചത്.

ഇതിനു തയാറാകാതെ വന്നപ്പോള്‍ 3250 രൂപ നല്‍കിയാല്‍ മതിയെന്നായി. പണം ആദ്യം വേണ്ടെന്നും ഫോണുമായി പോസ്റ്റ്മാന്‍ എത്തുമ്പോള്‍ തന്നാല്‍ മതിയെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം പോസ്റ്റ്മാന്‍ വീട്ടില്‍ കൊണ്ടുവന്ന പാഴ്‌സല്‍ 3250 രൂപ കൊടുത്ത് വാങ്ങി പാക്കറ്റ് പൊളിച്ചുനോക്കിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം നൗഷാദ് അറിയുന്നത്. ഫോണിനു പകരം ഒരു ലോഹത്തകിട്, രണ്ടു ലോക്കറ്റുകള്‍, ഒരു പാദുകം, ചെറിയ വിഗ്രഹം, ആമയുടെ രൂപം എന്നിവയാണ് ലഭിച്ചത്.

ഉടന്‍ പോലീസില്‍ വിവരം അറിയിപ്പോള്‍ മേല്‍വിലാസമോ പേരോ ഇല്ലാത്തതിനാല്‍ അവര്‍ കൈയൊഴിഞ്ഞു. പാഴ്‌സല്‍ പൊളിച്ചതിനാല്‍ തിരിച്ചെടുക്കാന്‍ തപാല്‍ അധികൃതരും തയാറായില്ല. ഫോണിലൂടെയും ഓണ്‍ലൈനിലൂടെയും വരുന്ന ഇത്തരം ഓഫറുകളില്‍ ആകൃഷ്ടരായി നിരവധി കുട്ടികളും വീട്ടമ്മമാരും കബളിപ്പിക്കപ്പെടുകയാണ്. ഇതിനെതിരെ അധികൃതര്‍ ജാഗ്രത പുലര്‍ത്തണമെന്ന ആവശ്യം ശക്തമാണ്.

Related posts