കൊച്ചി: രോഗബാധിതയായ മൂന്നര വയസുകാരിയുടെ പേരിൽ ആള്‍മാറാട്ടത്തിലൂടെ ലക്ഷങ്ങള്‍ തട്ടിയ അമ്മയും മകളും അറസ്റ്റിൽ.
എരൂര്‍ ഷ്വാസ് മിസ്റ്റിക് ഹെയ്റ്റ് ഫ്ളാറ്റില്‍ താമസിക്കുന്ന പാലാ ഓലിക്കല്‍ മറിയാമ്മ സെബാസ്റ്റ്യന്‍ (59), മകള്‍ അനിത ടി. ജോസഫ് (29) എന്നിവരെയാണ് ചേരാനല്ലൂര്‍ പോലീസ് തട്ടിപ്പു കേസിൽ അറസ്റ്റു ചെയ്തത്. കുഞ്ഞിന്റെ ചികിത്സാ വിവരങ്ങള്‍ ശേഖരിച്ച് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഇവര്‍ പണം തട്ടിയെടുത്തത്.
കൊച്ചി അമൃത ആശുപത്രിയില്‍ ചികിസയിലുള്ള പെരുമ്പാവൂര്‍ രായമംഗലം സ്വദേശിയായ മന്മഥന് പ്രവീണ്‍ എന്നയാളുടെ മകളുടെ ചികിത്സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകനായ ഫറൂക്ക് ചെറുപ്പുളശേരി മുഖാന്തിരം സാമൂഹ്യമാധ്യമങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച് പോസ്റ്റിട്ടിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പേരിലുള്ള അക്കൗണ്ട് നന്പറും ഇതിൽ ചേർത്തിരുന്നു.ഈ പോസ്റ്റിലെ വിവരങ്ങൾക്കൊപ്പം വേറെ അക്കൗണ്ട് നന്പർ ചേർത്ത പ്രതികൾ വ്യാജപ്പേരുകളിലുള്ള ഫേസ് ബുക്ക് പേജുകളിൽ സഹായം അഭ്യർഥിച്ചു പോസ്റ്റ് ചെയ്താണ് പണം തട്ടിയത്.
പ്രവീണിനെ പരിചയമുള്ള ഡോക്ടറാണ് മകളുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നതായുള്ള വിവരം ശ്രദ്ധയില്‍പ്പെടുത്തിയത്.പോലീസ് നടത്തിയ അന്വേഷണത്തിൽ അമ്മയും മകളും കുടുങ്ങുകയായിരുന്നു.
ഒരു ലക്ഷത്തോളം രൂപ ഇവര്‍ അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ചിരുന്നു. ആഡംബര ജീവിതമാണു പ്രതികൾ നയിച്ചുവന്നിരുന്നതെന്നു ചേരാനല്ലൂര്‍ സിഐ വിപിന്‍കുമാര്‍ പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പാലായിലും ഇവർ തട്ടിപ്പുകേസ് പ്രതികൾ
പാലാ: പെരുന്പാവൂരിലെ മൂന്നര വയസുകാരിയുടെ ചികിത്സാ സഹായ ഫണ്ട ് തട്ടിപ്പ് നടത്തിയ കേസിൽ ചേരാനെല്ലൂർ പോലിസ് പിടിയിലായ മറിയാമ്മയും കുടുംബവും പാലായിലും തട്ടിപ്പ് കേസിലെ പ്രതികൾ.
പാലായിലെ പ്രമുഖ സഹകരണ ബാങ്കിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതികളാണ് പെരുന്പാവൂരിലെ ചികത്സാസഹായ തട്ടിപ്പു കേസിൽ പിടിയിലായ പാലാ മൂന്നാനി ഓലിക്കൽ മറിയാമ്മയും കുടുംബവും.
പാലായിലെ സഹകരണ ബാങ്കിൽ കാഷ്യറായിരിക്കേ 2018ൽ ബാങ്ക് ചെസ്റ്റിൽ നിക്ഷേപിച്ച തുകയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതിയാണ് മറിയാമ്മ.
തട്ടിയെടുത്ത പണം വെളുപ്പിച്ച കേസിലും 2000ത്തിന്റെ കള്ളനോട്ട് നിർമാണ കേസിലും പ്രതിയാണ് മകൻ അരുണ്‍. ഈ കേസിൽപ്പെട്ട് പിടിയിലായ ശേഷം ജാമ്യത്തിലിറങ്ങിയ കുടുംബം എറണാകുളത്തക്ക് ചേക്കേറുകയായിരുന്നു.
അരുണ്‍ പാലാ ഫെഡറൽ ബാങ്ക് ശാഖയുടെ സിഡിഎമ്മിൽ നിക്ഷേപിച്ച തുകയിൽ കള്ളനോട്ടുകൾ കണ്ടെത്തിയതോടെ നടത്തിയ അന്വേഷണത്തിലാണ് അരുണും അമ്മ മറിയാമ്മയും പിടിയിലായത്. തുടർന്ന് മറിയാമ്മയെ ബാങ്ക് ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു.