നവാസ് മേത്തർ
തലശേരി: വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പണം തട്ടിയെടുത്ത സംഘം കണ്ണൂരിലെ വിവിധ റിസോർട്ടുകളിലും ഡിജെ അകമ്പടിയോടെ ലഹരി പാർട്ടികൾ നടത്തിയതായും വ്യക്തമായിട്ടുണ്ട്.
വ്യാപാരികളുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി കടകമ്പോളങ്ങൾ അടച്ച ദിവസം സംഘം കണ്ണൂരിലെ സ്വകാര്യ റിസോർട്ടിൽ ലഹരിക്കൊപ്പം ഡിജെ പാർട്ടിയും സംഘടിപ്പിച്ചിരുന്നതായാണ് കട ഉടമകൾക്ക് വിവരം ലഭിച്ചിട്ടുള്ളത്.
ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വില കൂടിയ ലഹരി ഹാഷിഷും ഒപിഎം ഉൾപ്പെടെ ഈ പാർട്ടിയിൽ ഉപയോഗിച്ചതായി വ്യക്തമായിട്ടുണ്ട്. ഇത്തരം സിന്തറ്റിക് ഡ്രഗ്സിന് ഗ്രാമിന് പതിനായിരം രൂപവരെയാണ് വില. അന്ന് നടന്ന ഡിജെ പാർട്ടിക്ക് പത്ത് ലക്ഷം രൂപ ചിലവായതായാണ് റിപ്പോർട്ട്.
പണം തട്ടിയെടുത്ത സംഭവവും ലഹരി ഉപയോഗവും തെളിവ് സഹിതം പിടികൂടിയിട്ടും സംഘത്തിലെ അംഗങ്ങളായ ചിലരെ വെള്ള പൂശാൻ ചില കേന്ദ്രങ്ങൾ നടത്തിയ ശ്രമങ്ങളും നഗരത്തിൽ പാട്ടായിട്ടുണ്ട്.
ചില സ്ഥാപനങ്ങളിൽ ടിപ്പ് എന്ന നിലയിൽ ബിൽ തുക മുഴുവൻ പോക്കറ്റിലിട്ട സംഭവവും പുറത്തു വന്നിട്ടുണ്ട്. തട്ടിപ്പ് കണ്ട് ഞെട്ടിയിട്ടുള്ള വ്യാപാരികൾ പല സ്ഥാപനങ്ങളിലും ടിപ്സ് തന്നെ ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്.
കംപ്യൂട്ടറിൽ കൃത്രിമം കാണിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള പണം ഇടപാടുകൾ സ്വന്തം അക്കൗണ്ടുകളിലേക്ക് വരുത്തിയും തട്ടിപ്പ് നടത്തിയ സംഘം വ്യാപര സ്ഥാപനങ്ങളിലെ ക്യാമറകളിലും തിരിമറി നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പല കാമറകളുടേയും സ്റ്റോറേജുകൾ നശിപ്പിച്ച നിലയിലാണുള്ളത്.
ലഹരി മാഫിയയുടെ ഹബ്
പൈതൃക നഗരിയായ തലശേരി അന്താരാഷ്ട്ര ലഹരി മാഫിയയുടെ കേരളത്തിലെ പ്രധാന കേന്ദ്രമായി മാറുന്നുവെന്ന വിവരം നേരത്തെ തന്നെ രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
പൈതൃക പദ്ധതിയുടെ ഭാഗമായി തലശേരി കടൽപ്പാലവും പരിസരവും കോടികൾ മുടക്കി നവീകരിച്ചതോടെ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഈ പ്രദേശത്തേക്ക് ഒഴുകിയെത്തുകയാണ്.
എന്നാൽ, കടൽപാലവും പരിസരവും ലഹരിയുടെ പിടിയിലാണെന്നുള്ളത് അധികൃതർ പോലും സ്വകാര്യമായി സമ്മതിക്കുന്നുണ്ട്.കടൽപ്പാലത്തിനു സമീപം നൂറു കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.
ഇവർ വഴിയാണ് ലഹരി ഈ പ്രദേശത്തേക്ക് എത്തുന്നത്. സ്കൂൾ കോളജ് വിദ്യാർഥികൾ ഉൾപ്പെടെ ദിവസവും ആയിരക്കണക്കിനാളുകൾ വന്നു പോകുന്ന കടൽപാലം പരിസരത്ത് ഇതുവരെ ഒരു പോലീസ് ഔട്ട് പോസ്റ്റ് പോലും സ്ഥാപിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
പതിവായി സിനിമ ഷൂട്ടിംഗുകളും ഇവിടെ നടക്കുന്നുണ്ട്. താരങ്ങളെ കാണാനും ഷൂട്ടിംഗ് കാണാനും സമീപ ജില്ലകളിൽ നിന്ന് പോലും ആളുകൾ ഒഴുകിയെത്തുന്നുണ്ട്.
കടൽ പാലം പരിസരത്തിനു പുറമേ പുതിയ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്സിലും എ.വി.കെ നായർ റോഡിലുള്ള സ്വകാര്യ ഷോപ്പിംഗ്കോംപ്ലക്സിലും ലഹരി മാഫിയ പിടിമുറുക്കിയിട്ട് നാളുകളേറെയായി.
(അവസാനിച്ചു)
യുവാവ് സുഹൃത്തുക്കൾക്ക് സമ്മാനം നൽകിയത് 20 ലക്ഷം രൂപ
തലശേരിയിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കോടികൾ തട്ടിയെടുക്കാൻ നേതൃത്വം നൽകിയ യുവാവ് ആറു മാസത്തിനുള്ളിൽ സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകിയത് 20,26,479 രൂപ. ഈ വിരുതന്റെ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് മുപ്പത്തിയൊന്ന് സുഹൃത്തുക്കൾക്കായി ഇരുപത് ലക്ഷത്തിലേറെ രൂപ സമ്മാനമായി നൽകിയിട്ടുള്ളതായി കണ്ടെത്തിയത്.
പണം ലഭിച്ചവരെ ചോദ്യം ചെയ്തപ്പോഴാണ് തങ്ങൾക്ക് സമ്മാനമായിട്ടാണ് ഇയാൾ തുക നൽകിയതെന്ന് അവർ വ്യക്തമാക്കിയത്. രണ്ട് വർഷത്തിനുള്ളിൽ ഇയാൾ രണ്ട് ബാങ്കുകളിൽ മാത്രം നിക്ഷേപിച്ചത് നാൽപ്പത്തിയെട്ട് ലക്ഷം രൂപയാണ്.
ഈ സംഘത്തിലെ പലരും ആദ്യം 500 രൂപ വീതം തട്ടിയെടുത്താണ് തട്ടിപ്പിന് തുടക്കം കുറിച്ചത്.
പിടിക്കപ്പെടില്ലെന്ന് ഉറപ്പായതോടെയാണ് 500 രൂപയിൽ നിന്ന് ആയിരത്തിലേക്കും പതിനായിരത്തേക്കും ലക്ഷങ്ങളിലേക്കും തട്ടിപ്പ് കുതിച്ചുയർന്നത്. ഈ തട്ടിപ്പ് സംഘത്തെ സഹായിക്കാൻ കംപ്യൂട്ടർ വിദഗ്ദരായ ചില യുവാക്കളും രംഗത്തുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്.
തട്ടിപ്പ് തെളിവ് സഹിതം പിടി കൂടിയപ്പോൾ തട്ടിപ്പിന് നേതൃത്വം കൊടുത്ത യുവാവ് കട ഉടമക്ക് നേരെ “എന്നെ കള്ളനാക്കിയില്ലേയെന്ന്’ ചോദിച്ച് പാഞ്ഞടുത്തത് കണ്ടുനിന്നവരെ അമ്പരപ്പിച്ചു. ഉന്മാദാവസ്ഥയിലായിരുന്ന ഈ യുവാവിന്റെ പ്രവൃത്തി കാഴ്ചക്കാരെ ഭയപ്പെടുത്തുക തന്നെ ചെയ്തു.
ഒടുവിൽ സത്യത്തിനും തെളിവുകൾക്കു മുന്നിലും വിളറിയ യുവാവ് തെറ്റുകൾ ഓരോന്നും ഏറ്റു പറയുകയായിരുന്നു. ഒടുവിൽ മധ്യസ്ഥർക്കു മുന്നിൽ നടത്തിയ തട്ടിപ്പുകൾ ഓരോന്നും എഴുതി സാക്ഷ്യപ്പെടുത്തി നൽകേണ്ടി വന്നു ഈ തട്ടിപ്പു വീരന്.
നഗരത്തിൽ പുതുതായി തുടങ്ങിയ സ്ഥാപനത്തിൽ ജനറേറ്റർ പ്രവർത്തിക്കുന്നതിലേക്ക് ഡീസൽ വാങ്ങുന്നതിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നതായുള്ള വിവരവും പുറത്തു വന്നിട്ടുണ്ട്. ഉദ്ഘാടനം കഴിഞ്ഞ് രണ്ട് വർഷം പിന്നിട്ട ശേഷമാണ് ഈ സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ കിട്ടിയത്.
മുഴുവൻ സമയവും വലിയ ജനറേറ്റർ പ്രവർത്തിപ്പിക്കുന്നതിനായി വാങ്ങിക്കൊണ്ടിരുന്ന ഡീസലിലാണ് തട്ടിപ്പ് അരങ്ങേറിയത്.നൂറു ലിറ്റർ ഡീസലിന്റെ ബില്ല് വാങ്ങുകയും എൺപത് ലിറ്റർ ഡീസൽ വാങ്ങുകയുമാണ് ഈ സ്ഥാപനത്തിലെ ചില വിരുതന്മാർ ചെയ്തു വന്നത്.
കടയിലെ സാധനങ്ങൾ വസ്ത്രങ്ങൾക്കുള്ളിൽ കടത്തിക്കൊണ്ട് പോയ വനിതാ ജീവനക്കാരിയെ കൈയോടെ പിടികൂടിയ സംഭവവും നഗരത്തിലുണ്ടായിട്ടുണ്ട്. ചില വനിതാ ജീവനക്കാരുടെ മോഹ വലയത്തിൽ പെട്ട് ബിസിനസ് തകർന്നു പോയ പ്രമുഖരും നഗരത്തിലുണ്ട്.