പാലോട് : ആദിവാസികലാ സംഘങ്ങള്‍ക്ക് പരിശീലനത്തിന് വാങ്ങിനല്‍കിയ ചെണ്ടകളും സംഗീതോപകരണങ്ങളും നിലവാരം കുറഞ്ഞതെന്ന് പരാതി.
പെരിങ്ങമ്മല,കുറ്റിച്ചല്‍ പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത ആദിവാസി കലാ സംഘങ്ങള്‍ക്കാണ് പരിശീലനത്തിനായി ചെണ്ടകളും മറ്റ് ഉപകരണങ്ങളും വാങ്ങിനല്‍കിയത്.
ചെണ്ടകള്‍ മൂന്നുമാസത്തിനുള്ളില്‍ തന്നെ പൊട്ടിപ്പോയെന്നും നിലവാരം കുറഞ്ഞ ചെണ്ടകളാണ് വിതരണം ചെയ്തതെന്ന് ആദിവാസികള്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് ഫണ്ടില്‍നിന്നും ഒന്നരലക്ഷം ചെലവിട്ടാണ് കലാപരിശീലന പദ്ധതിനടപ്പാക്കിയത്.
പോട്ടോമാവ് ശംഖൊലി, അഞ്ചാക്കുഴിക്കര ശ്രീഭദ്ര, കോട്ടൂർ വനശ്രീ തുടങ്ങിയ സംഘങ്ങള്‍ക്കാണ് ചെണ്ടകള്‍ വാങ്ങി നല്‍കിയത്.
സംഗീത ഉപകരണങ്ങള്‍ വാങ്ങുന്ന സമയം ഇതുമായി ബന്ധപ്പെട്ട് ആരെയും സംഘത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെന്നും പരാതിയുണ്ട്.
മൂന്നു ചെണ്ട മൂന്നു വീക്ക്, മൂന്നുജോഡി കൈമണികള്‍, മൂന്നുഉടുക്ക്, 10 ചെണ്ടക്കോല് എന്നിവയാണ് നല്‍കിയത്. ചെണ്ട കോലുകള്‍ ആദ്യദിവസങ്ങളില്‍ തന്നെ ഒടിഞ്ഞുപോയതായും ഒരു മാസം കഴിയുന്നതിനിടെ ചെണ്ടയുടെ തോലും ചോറും പൊട്ടിപ്പൊളിഞ്ഞെന്നും ആരോപണമുണ്ട്.
തങ്ങള്‍ക്ക് അനുവദിച്ച പണം കൃത്യമായി ഉപയോഗിച്ചില്ലെന്നും ഉദ്യോഗസ്ഥര്‍ ക്വട്ടേഷന്‍ കൊടുത്ത് വാങ്ങിയത് ഡ്യൂപ്ലിക്കേറ്റ് സംഗീത ഉപകരണങ്ങള്‍ ആണെന്നും പോട്ടോമാവ്ശംഖൊലിയിലെ അംഗംങ്ങള്‍ പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയില്‍പ്പറയുന്നു.