തിരുവല്ല: തിരുവല്ലയിലെ വേങ്ങലില്‍ വ്യവസായിയെ ഗോഡൗണില്‍ ബന്ദിയാക്കിയശേഷം വടിവാളും തോക്കും കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച യുവാക്കള്‍ ക്രിമിനല്‍ കേസുകളില്‍ മുമ്പും പ്രതികളെന്നു പോലീസ്.
മൂന്നു ലക്ഷം രൂപ വ്യാപാരിയില്‍ നിന്നു തട്ടിയെടുക്കാന്‍ നടത്തിയ ശ്രമമാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ ചേര്‍ന്നു പൊളിച്ചത്.
സംഭവത്തില്‍ മൂന്നംഗ സംഘം വ്യാജ തോക്കും മാരകായുധങ്ങളുമായി തിരുവല്ല പോലീസിന്റെ പിടിയിലായി. ഇടിഞ്ഞില്ലം മാങ്കുളത്തില്‍ വീട്ടില്‍ ഷിജു വര്‍ഗീസ് (23 ), ഇടിഞ്ഞില്ലം കഴുപ്പില്‍ കോളനിയില്‍ രാഹുല്‍ കൊച്ചുമോന് (23), ഇടിഞ്ഞില്ലം വാഴയില്‍ വീട്ടില്‍ ബാസ്റ്റിന് മാത്യു ( 20 ) എന്നിവരാണ് പിടിയിലായത് .
തിങ്കളാഴ്ച രാത്രി ഏഴഓടെ പെരുംതുരുത്തിയില്‍ കടപ്പാക്കല്‍ ബിസിനസ് നടത്തുന്ന കൊച്ചേട്ട് താഴ്ചയില്‍ വീട്ടില്‍ ഷൈജുവിനെ വേങ്ങലിലെ ഗോഡൗണില്‍ ബന്ദിയാക്കി പണം തട്ടാനായിരുന്നു ശ്രമം.
വടിവാള്‍ കഴുത്തില്‍വച്ച് തോക്ക് കാട്ടി മൂന്നുലക്ഷം രൂപയാണ് സംഘം ഷൈജുവിനോട് ആവശ്യപ്പെട്ടത്.ജീവനക്കാര്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന് എത്തിയ തിരുവല്ല പോലീസ് ഗോഡൗണ്‍ വളഞ്ഞ ശേഷം പ്രതികളെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളില്‍ നിന്നു വ്യാജ തോക്കടക്കം കണ്ടെടുത്തത്.കേസിലെ ഒന്നാംപ്രതി ഷിജു വര്‍ഗീസിനെതിരെ മൂന്ന് വധശ്രമ കേസടക്കം വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളും രാഹുലിനും ബാസ്റ്റിനും എതിരെ അഞ്ചു വീതം ക്രിമിനല്‍ കേസുകളും നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികള്‍ മൂവരും കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ക്ക് അടിമകളും വില്പനക്കാരുമാണെന്ന് എസ്ഐ പി.ബി നഹാദ് പറഞ്ഞു.