തിരുവനന്തപുരം: ബാങ്ക് ജീവനക്കാരനെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ സ്ത്രീ അടക്കം മൂന്നുപേര്‍ പിടിയില്‍ പാല്‍കുളങ്ങര സ്വദേശിയായ ബാങ്ക് ജീവനക്കാരനോട് ലോണ്‍ ശരിയാക്കി തരുന്നതിനായി നിരന്തരം അഭ്യര്‍ഥന നടത്തി വാസസ്ഥലം മനസിലാക്കി സീനത്ത് എന്ന സ്ത്രീ ഇയാളുടെ വീട്ടിലെത്തുകയും തുടര്‍ന്ന് അല്പസമയത്തിനകം ഗൂഢാലോചന നടത്തിയ സംഘത്തിലെ മറ്റുള്ളവരെ ബാങ്ക് ജീവനക്കാരന്‍റെ വീട്ടില്‍ വരികയും ഇയാളെ ഭീഷണിപ്പെടുത്തി പോക്കറ്റില്‍ കിടന്ന രണ്ടായിരം രൂപയും വീട്ടില്‍ സൂക്ഷിച്ചിരുന്ന രണ്ടര പവന്‍റെ മാലയും പുറത്ത് സൂട്ടറില്‍ സൂക്ഷിച്ചിരുന്ന 24000 രൂപയും കൈക്കലാക്കിയ ശേഷം അഞ്ചുലക്ഷം രൂപയുടെ ചെക്ക് എഴുതി വാങ്ങിച്ച സംഘത്തെയാണ് വഞ്ചിയൂര്‍ പോലീസ് അറസ്റ്റ് ചെയതത്.
കുളത്തൂര്‍ തുണ്ടത്തില്‍ വീട്ടില്‍ ഹരി, പൗണ്ട്കടവ് സ്വദേശിയും ഹരിയുടെ ഭാര്യയുമായ സീനത്ത്, ചാക്ക ഐടിഐയ്ക്കു സമീപം താമസിക്കുന്ന സുരേഷും മറ്റു ചിലരുമാണ് സംഘത്തിലുണ്ടായിരുന്നത്. സമാനമായ രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുത്തതിലേക്ക് സീനത്തിന്‍റെ സഹോദരിയായ ഷീബയും സുരേഷും പേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയിരുന്നു. പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാസങ്ങള്‍ക്കകം തന്നെ വീണ്ടും സമാനമായ കേസുകളില്‍ ഉള്‍പ്പെട്ടത്.
വഞ്ചിയൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരവേ ശംഖുമുഖം അസി. കമ്മീഷണര്‍ അജിത്കുമാറിനു കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൂന്തുറ സിഐ മനോജിന്‍റെ നേതൃത്വത്തില്‍ വഞ്ചിയൂര്‍ എസ്‌ഐ വി. അശോക് കുമാര്‍, എഎസ്‌ഐ വി.എസ്. സാഗര്‍, മധുസൂധനന്‍ നായര്‍, ശ്രീകുമാര്‍, എസ്സിപിഒമാരായ ഷാജി, രാജേഷ്, ഡബ്ല്യുസിപിഒ ബിന്ദു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.