ആറ്റിങ്ങല്‍: പത്രപ്പരസ്യങ്ങളിലെ മൊബൈല്‍ നമ്പരുകളില്‍ വിളിച്ച് പണംതട്ടിപ്പു നടത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല വെട്ടൂര്‍ സ്വദേശി മണനാക്ക് പാണന്റെ മുക്ക് ഇതിഹാസ്മന്സിലില് വാടകയ്ക്ക് താമസിക്കുന്ന ഷെഹീര്കുട്ടി(48)യാണ് അറസ്റ്റിലായത്.
വിവാഹപരസ്യങ്ങൾ ഉപയോഗിച്ചുള്ള ഇയാളുടെ തട്ടിപ്പിന് എറണാകുളം സ്വദേശിയായ റിട്ട. ബാങ്ക് മാനേജരാണ് ഇരയായത്. ഇദ്ദേഹത്തിന്റെ മകള്‍ക്ക് വിവാഹത്തിന് വരനെത്തേടി പത്രത്തില്‍ പരസ്യം നല്‍കിയിരുന്നു. അതിലെ ഫോണ്‍ നമ്പരില്‍ വിളച്ച് താന്‍ ആറ്റിങ്ങലിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറാണെന്നും മകനുവേണ്ടിയാണ് വിളിക്കുന്നതെന്നും അയാള്‍ യുകെയില്‍ ഡോക്ടറാണെന്നും ഷെഹീര്കുട്ടി പരിചയപ്പെടുത്തി.
നേരിട്ടുകണ്ട് സംസാരിക്കാമെന്നു പറഞ്ഞ്ആറ്റിങ്ങലിലേയ്ക്ക് വിളിച്ചുവരുത്തുകയും ചെയ്തു. 22 നായിരുന്നു സംഭവം. ആറ്റിങ്ങല്‍ കെ. എസ്. ആര്. ടി. സി ബസ് സ്റ്റാന്റിലെത്തിയ പെണ്‍കുട്ടിയുടെ അച്ഛനെ കുടുംബ പശ്ചാത്തലം പൊലിപ്പിച്ച് പറഞ്ഞുകേള്‍പ്പിച്ചു. ഇതെല്ലാം കേട്ട് മകള്‍ക്ക് യോജിച്ച കുടുംബമാണെന്ന് ധരിച്ച് പെണ്‍കുട്ടിയുടെ ചിത്രം കൈമാറുകയും ചെയ്തു. ഇതിനിടയില്‍ ഉടന്‍ തനിക്ക് ആശുപത്രിയിലെത്തണമെന്നും കുറച്ചു മരുന്നു വാങ്ങണമെന്നും എടിഎംകാര്‍ഡ് ആശുപത്രിയിലാണെന്നും പറഞ്ഞ് 2000 രൂപ ആവശ്യപ്പെട്ടു.
അതുമായി പോയ ഇയാള്‍ ഉടന്‍തന്നെ വിളിച്ച് തന്റെ ഫോണില്‍ ചാര്‍ജ് തീര്‍ന്നു എന്നും അതിലേയ്ക്ക് 292 രൂപയുടെ ചാര്‍ജ് ചെയ്തേയ്ക്കണമെന്നും ഉടന്‍ ആശുപത്രിയില്‍ നിന്നും തിരിച്ചെത്തി പണം നല്‍കുമെന്നും പറഞ്ഞു. ഇത് വിശ്വസിച്ച പെണ്‍കുട്ടിയുടെ അച്ഛന് മൊബൈല്‍ റീചാര്‍ജും ചെയ്തുകൊടുത്തു. പിന്നീട് ഇയാളെ വിളിച്ചാല്‍ ഫോണെടുക്കാതെയായി. കുറേക്കഴിഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയുടെ അച്ഛനെ വിളിച്ച് ഭീഷണിപ്പെടുത്തി താന്‍ പറയുന്ന പണം നൽകിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നവമാധ്യമങ്ങലിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
സംഭവം ഗുരുതരമാകുമെന്നു കണ്ട് അയാള്‍ ആറ്റിങ്ങല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ബസ്് സ്റ്റാൻഡിന് സമീപത്തെ കടയിലെ സിസി ടിവി ദൃശ്യത്തില്‍ ഇവര്‍ സംസാരിച്ചു നില്‍ക്കുന്നതിന്റെ ദൃശ്യം ലഭിച്ചു. തുടര്‍ന്ന് മൊബൈല്‍ഫോണ്‍ലൊക്കേഷന്‍ പരിശോധിച്ച് ഷെഹീര്കുട്ടിയെ പിടികൂടുകയായിരുന്നു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.