വെള്ളിക്കുളങ്ങര: ഭാര്യാ മാതാവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ട ിൽ നിന്ന് പണം കവർന്ന യുവാവ് പോലീസ് പിടിയിലായി.കുറ്റിച്ചിറ മാളക്കാരൻ ബിനോജ് (36) ആണ് വെള്ളിക്കുളങ്ങര പോലീസിന്റെ പിടിയിലായത്. ഭിന്നശേഷിക്കാരിയും വിധവയുമായ ഇയാളുടെ ഭാര്യാ മാതാവ് സുലോചനയുടെ എസ്ബിഐ കുറ്റിച്ചിറ ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് ഇയാൾ പണം കവർന്നത്.
സുലോചനയ്ക്ക് സർക്കാരിന്റെ ചികിത്സാ സഹായനിധിയിൽ നിന്ന് ലഭിച്ച 25000 രൂപയാണ് ഇയാൾ പലപ്പോഴായി എ ടി എം കാർഡ് ഉപയോഗിച്ച് പിൻവലിച്ചത്.ലോട്ടറി വിൽപ്പന നടത്തുന്ന സുലോചന ചികിത്സാ സഹായം അക്കൗണ്ട ിൽ എത്തിയോ എന്ന് പരിശോധിക്കാൻ മരുമകനായ ബിനോജിനെ ചുമതലപ്പെടുത്തുകയായിരുന്നു.തുടർന്നാണ് എടിഎം കാർഡ് കൈവശപ്പെടുത്തി ഇയാൾ പണം കവർന്നത്. പണം നഷ്ടപ്പെട്ടതറിഞ്ഞ സുലോചന പോലീസിൽ പരാതിപ്പെടാൻ പോയപ്പോൾ ബിനോജും ഒപ്പം പോയിരുന്നു.
പരാതി ലഭിച്ച ഉടനെ അന്വേഷണം ആരംഭിച്ച വെള്ളിക്കുളങ്ങര പോലീസ് പണം നഷ്ടപ്പെട്ട ദിവസങ്ങളിലെ എടിഎം കൗണ്ട റിലെ വീഡിയോ ദൃശങ്ങൾ പരിശോധിച്ചതോടെയാണ് ബിനോജ് കുടുങ്ങിയത്. കുറ്റിച്ചിറ, കോടാലിഎന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ നിന്നാണ് ഇയാൾ പണം പിൻവലിച്ചത്.
വെള്ളിക്കുളങ്ങര എസ്ഐ. എം.ബി. സിബിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.എഎസ്ഐ എം.എ. ബേബി, സിപിഒ മാരായ ജിജു കരുണാകരൻ, ബിജു രാമൻ,സനീഷ്ബാബു , ദിൽപ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിക്കു ജാമ്യം അനുവദിച്ചു.